രാജന്റെ മഴക്കാല പച്ചക്കറി കൃഷി ഹിറ്റാണ്

പാവൽ കൃഷിയിടത്തിൽ വിളവെടുക്കുന്ന എൻ കെ രാജൻ
വി വി രഗീഷ് വടകര മഴക്കാല ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിജയം കൊയ്ത് കല്ലേരിയിലെ തയ്യുള്ളതിൽ എൻ കെ രാജൻ. മഴമറയിലും വീടിനുചുറ്റുവട്ടത്തെ 12 സെന്റിലുമായി വിവിധയിനം പച്ചക്കറികളാണ് വിളവെടുപ്പിന് പാകമായത്. പാവൽ, പടവലം, ചീര എന്നിവ മഴമറക്കുള്ളിലും വെണ്ട, വഴുതിന, ചീര, ഇഞ്ചി, മഞ്ഞൾ, കപ്പ, പയർ എന്നിവ പറമ്പിലുമായാണ് നട്ടത്. പാവൽ, പടവലം കൃഷിയുടെ വിളവെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞ ദിവസം നടന്നു. കിലോക്ക് 100 രൂപ തോതിലാണ് വിൽപ്പന നടത്തിയത്. ജൈവ പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. ചീര ഉൾപ്പെടെ ബാക്കിയുള്ളവയുടെ വിളവെടുപ്പ് ഓണത്തോടടുപ്പിച്ച് നടത്തും. മേയിൽ തന്നെ മഴക്കാല പച്ചക്കറി കൃഷിക്കുള്ള ഒരുക്കം നടത്തുമെന്ന് രാജൻ പറഞ്ഞു. കുമ്മായം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ജൈവ വളങ്ങൾ ചേർത്ത് സമ്പുഷ്‌ടീകരിച്ച മണ്ണ് കൂനകളാക്കിയാണ് കൃഷി ചെയ്യുന്നത്. ഇടക്കാല വളപ്രയോഗമായി പിണ്ണാക്കും പച്ചച്ചാണകവും ചേർത്ത ജൈവ സ്ലറിയാണ് ഒഴിച്ചുനൽകുന്നത്. നേന്ത്രവാഴ, പൂവൻ വാഴ തുടങ്ങിയവയുടെ കൃഷിയുമുണ്ട്. വേനൽക്കാലത്ത് പച്ചക്കറിക്കൊപ്പം തണ്ണിമത്തൻ കൃഷിയും ചെയ്തുവരുന്നു. ചെറിയ ഉള്ളിയും കൃഷിചെയ്ത് വിളവെടുത്തിരുന്നു. ഭാര്യ ശാരദയാണ് കൃഷിയിൽ സഹായിയായിട്ടുള്ളത്. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും പിന്തുണയും ലഭിക്കാറുണ്ട്. കർഷക സംഘം പൊൻമേരി മേഖലാ പ്രസിഡന്റും തോടന്നൂർ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന കോക്കോ ടീം എഫ്പിഒയുടെ ഡയറക്ടറുമാണ് രാജൻ.










0 comments