രക്തം നൽകിയത് 140 പ്രാവശ്യം
രക്തദാനത്തിന്റെ അബ്ദുൽ ബഷീർ മാതൃക

വെള്ളരിക്കുണ്ട്
ആഗസ്ത് ഒന്ന്, അബ്ദുൽ ബഷീർ രക്തം ദാനംചെയ്യേണ്ട ദിവസം, ആരും ഓർമപ്പെടുത്തേണ്ട. ദിവസം കൃത്യമായി മനസിൽ കുറിച്ചിട്ട് നടക്കുന്ന ബഷീർ തന്റെ 140–ാമത്തെ രക്തദാനമാണ് ശനിയാഴ്ചചെയ്തത്. വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളിയായ ബഷീറിന് രക്തദാനം ജീവിതത്തിന്റെ ഭാഗമാണ്. രക്തദാനം മഹാദാനമെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുക്കുകയാണ് അരീക്കോടൻ അബ്ദുൽ ബഷീർ. 20–ാമത്തെ വയസിൽ തുടങ്ങിയ ദിനചര്യ ഇന്നും തുടരുകയാണ് അന്പത്തിയാറുകാരനായ ബഷീർ. ഇതുവരെ 140 പ്രാവശ്യം രക്തം നൽകി. മൂന്ന് മാസം കൂടുമ്പോൾ രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി ബ്ലഡ് ബാങ്കിൽ രക്തം നൽകും. ഓരോ തവണയും രക്തം നൽകിയാൽ അടുത്ത തീയതിയും അന്ന് കുറിച്ച് വെക്കും. രക്തദാനം ഇന്നത്തെപോലെ പൊതുസമൂഹം ഏറ്റെടുത്തിട്ടില്ലാത്ത കാലം. രക്തം ആവശ്യമുള്ള രോഗികളുടെ ബന്ധുക്കൾ ഓടിയെത്തുക എസ്എഫ്ഐ പ്രവർത്തകരെയാണ്. അന്നത്തെ എസ്എഫ്ഐ നീലേശ്വരം ഏരിയാ സെക്രട്ടറിയായ ബഷീർ പിന്നീട് അത് തന്റെ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. കാൽനൂറ്റാണ്ടായി വെള്ളരിക്കുണ്ടിൽ ചുമട്ടുതൊഴിലാളിയായി ജോലിചെയ്യുന്ന ബഷീർ പൊതുപ്രവർത്തന രംഗത്തും സജീവമാണ്. ചൂമട്ടുതൊഴിലാളി യൂണിയൻ സിഐടിയു വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റും, സിപിഐ എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറിയുമാണ്. ബ്ലെഡ് ഡോണേഴ്സ് കേരളയുടെ ജില്ലാ രക്ഷാധികാരിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നൽകിയ ഏറ്റവും നല്ല രക്തദാതാവിനുള്ള പുരസ്കാരം, സംസ്ഥാനത്തെ മികച്ച രക്തദാതാവിനുള്ള കസാക്സ് പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. വിവിധ ജില്ലകളിൽ സ്കൂളുകളിലും ക്ലബ്ബുകളിലും അടക്കം രക്തദാന ക്യാമ്പുകളിൽ ക്ലാസെടുക്കാൻ പോകാറുണ്ട്. ഇയാളുടെ സഹോദരൻ അബ്ദുൽ സമദ് യുഎഇ സർക്കാരിന്റെ ഏറ്റവും നല്ല ബ്ലഡ് ഡോണർ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. വെള്ളരിക്കണ്ടിലെ ആദ്യകാല സിപിഐ എം പ്രവർത്തകനും ചുമട്ടുതൊഴിലാളിയൂണിയൻ പ്രവർത്തകനുമായ അരീക്കോടൻ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. കാസർകോട് സ്റ്റേഷനറി ഡിപ്പാർട്മെന്റ് ഓഫീസ് ക്ലർക്ക് സെമീറയാണ് ഭാര്യ. പാലക്കാട് നഴ്സിങ് വിദ്യാർഥിനിയായ അനീസ, പ്ലസ്ടു വിജയിച്ചു നിൽക്കുന്ന അമീറ എന്നിവർ മക്കൾ.










0 comments