ad
Deshabhimani

നീണ്ടകരയിലെ മീൻപിടിത്ത ബോട്ടപകടം

ഗ‍ൗതം കൃഷ്ണയ്ക്കുവേണ്ടി കാത്തിരിപ്പ്‌; നെഞ്ചിൽ കനലുമായി കുടുംബം

കൊല്ലം നീണ്ടകര ഹാർബറിനു സമീപം കടലിൽ മറിഞ്ഞ വള്ളം ശക്തികുളങ്ങര ഹാർബറിൽ എത്തിച്ചപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on Aug 06, 2026, 12:53 AM | 1 min read

കൊല്ലം

കടലില്‍ കാണാതായ പ്രിയപ്പെട്ടവനു വേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പ്‌ ആറാംനാളും വിഫലം. ഉറ്റവരുടെ എരിഞ്ഞുതീർന്ന ചിതയ്ക്കുമുന്നിൽ ഇനിയെന്തെന്നറിയാതെ നിറകണ്ണുകളോടെ "പൂമുഖത്ത്‌' വീട്ടിൽ കാത്തിരിക്കുകയാണ്‌ ഒരമ്മയും മകളും. നീണ്ടകരയിൽ മീൻപിടിക്കാൻ പോകവെ ബോട്ടു മറിഞ്ഞ്‌ മരിച്ച രാജീവന്റെ ഭാര്യ സുമംഗലയും മകൾ രേഷ്മയും നെഞ്ചിൽ കനലുമായി ദിവസങ്ങൾ തള്ളിനീക്കുകയാണ്‌. അപകടം ദിവസം രാജീവൻ മരണപ്പെട്ടു. തൊട്ടടുത്ത ദിവസം രേഷ്മയുടെ ഭർത്താവ്‌ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി. എന്നാൽ, അപകടത്തിൽ കാണാതായ ഇവരുടെ മകൻ ഗൗതം കൃഷ്ണനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 25 ലക്ഷം രൂപ മുടക്കിയാണ്‌ ആറുമാസം മുമ്പ്‌ ഗൗതം കൃഷ്ണയുടെ പേരിൽ ബോട്ട്‌ വാങ്ങിയത്‌. അറ്റകുറ്റപ്പണി നടത്തി പലതവണ കടലിൽ മീൻപിടിക്കാൻ പോയെങ്കിലും ആഗ്രഹിച്ചതുപോലെ വരുമാനം ലഭിച്ചുതുടങ്ങിയിരുന്നില്ല. ട്രോളിങ്‌ നിരോധനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കടന്ന്‌ വീണ്ടുമൊരു കൊയ്‌ത്തുകാലം പ്രതീക്ഷിച്ചാണ്‌ രാജീവനും രാധാകൃഷ്ണനും ഗൗതവും ഉൾപ്പെടെ 14 പേർ കഴിഞ്ഞ 31ന്‌ കടലിൽപോകുന്നത്‌. അഞ്ചുപേർ അതിഥിത്തൊഴിലാളികളായിരുന്നു. എന്നാൽ, ഇരമ്പിയാർത്തെത്തിയ ഭീമൻ തിരമാല ബോട്ടിനെയാകെ കുടഞ്ഞെറിഞ്ഞു. സമീപത്തുണ്ടായിരുന്ന മറ്റുബോട്ടുകളാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. രാജീവനെ രക്ഷിച്ച്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാധാകൃഷ്ണന്റെ മൃതദേഹം പിറ്റേന്നാണ്‌ കണ്ടെത്തിയത്. ഗൗതം കൃഷ്ണയ്ക്കുവേണ്ടിയുള്ള തിരിച്ചിൽ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ല. കടൽ പ്രക്ഷുബ്ധമായതിനാൽ തിരിച്ചിൽ പ്രയാസമാണെന്നാണ്‌ കോസ്റ്റൽ പൊലീസിന്റെയടക്കം വിശദീകരണം. ജിപിഎസ് സംവിധാനങ്ങൾ, സ്മാർട്ട് ലൈഫ് ജാക്കറ്റുകൾ, റിമോട്ട് വഴി നിയന്ത്രിക്കുന്ന റസ്ക്യൂ ബോട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home