രാജേഷ് സുഹൃത്തുക്കളോട് പറഞ്ഞു
"ഒരിക്കൽ ഞാനും അറിയപ്പെടുന്നയാളാകും'

കണ്ണൂരിൽ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന ഭാര്യ ഷാഫിയ
സ്വന്തം ലേഖകൻ
Published on Aug 06, 2026, 12:00 AM | 1 min read
തിരുവനന്തപുരം
സ്വന്തം ജീവൻ ത്യജിച്ച് മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ രാജേഷിന് ആദമർപ്പിച്ച് മലയാളികൾ. സാഹസികതയെ ഇഷ്‌ടപ്പെട്ടിരുന്ന രാജേഷ്, അപകടങ്ങളെല്ലാം തരണംചെയ്‌ത് തിരിച്ചുവരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മരണവിവരം സ്ഥിരീകരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ രാജേഷിനുള്ള ആദരാഞ്‌ജലികൾ നിറഞ്ഞു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ആദരാഞ്‌ജലി അർപ്പിച്ചു. രാജേഷിന്റെ ആത്മത്യാഗം എന്നും ഓർമിക്കപ്പെടുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ അറിയിച്ചു. ‘ജീവൻ പണയംവച്ച് മറ്റുള്ളവരെ രക്ഷിക്കാനിറങ്ങിയ ആ യുവാവിന് ആദരാഞ്‌ജലികൾ’ എന്നാണ് മമ്മൂട്ടി ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. കേരളം വിറങ്ങലിച്ച പല ദുരന്തമുഖങ്ങളിലും രാജേഷ് തങ്ങളെയുംകൂട്ടി രക്ഷാപ്രവർത്തനത്തിന് പോകുമായിരുന്നുവെന്ന് അപകടസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓർക്കുന്നു. എല്ലായിടത്തും സ്വന്തം പണംമുടക്കി പോയി രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നയാളായിരുന്നു. ഇടുക്കിയിൽ പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ ദുർഘടംപിടിച്ച സ്ഥലത്തുനിന്ന് ഒരു കുഞ്ഞിനെ രക്ഷിച്ച രാജേഷിനെ കലക്ടർ ഉൾപ്പെടെ സല്യൂട്ട് നൽകി ആദരിച്ചിട്ടുണ്ടെന്നും സുഹൃത്തുക്കൾ ഓർക്കുന്നു. ഒരിക്കൽ താൻ ഇന്ത്യയിൽ അറിയപ്പെടുന്നയാളായി മാറുമെന്ന സ്വപ്‌നവും രാജേഷ് പങ്കുവച്ചിരുന്നതായും സുഹൃത്തുക്കൾ കണ്ണീരോടെ ഓർത്തു.








0 comments