നിർമിതബുദ്ധി ഫെൻസിങ് ഫലപ്രദം എഐയോട് തോറ്റ് കാട്ടുമൃഗങ്ങൾ

പുൽപ്പള്ളി വന്യമൃഗ പ്രതിരോധത്തിൽ ഫലപ്രദമായി എഐ ഫെൻസിങ്. ഇരുളം ചേലക്കൊല്ലിയിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച നിർമിത ബുദ്ധി ഫെൻസിങ്ങാണ് പ്രദേശത്തെ വന്യമൃഗശല്യം കുറച്ചത്. തിരുവനന്തപുരം വൈറ്റ് എലിഫന്റ് ടെക്‌നോളജീസാണ് വനംവകുപ്പുമായി ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആധുനിക ഫെൻസിങ് ഒരുക്കിയത്. ഫെന്‍സിങ്ങിനരികിലേയ്ക്ക് വന്യമൃഗങ്ങൾ എത്തുമ്പോൾ സോളാർ വൈദ്യുതിയാൽ പ്രവർത്തിക്കുന്ന എഐ സംവിധാനത്തിൽ സൈറൺ മുഴങ്ങും. ലൈറ്റുകൾ തെളിയും. ഒപ്പം വനം വകുപ്പ് ഓഫീസിലേക്ക് വിവരവും എത്തും. സൈറണിലും ലൈറ്റിലും ഭയപ്പെടുന്ന വന്യമൃഗങ്ങൾ പിൻവാങ്ങും. വിവരം ലഭിക്കുന്നതോടെ മൃഗങ്ങളെ തുരത്താനുള്ള നടപടികൾ വനപാലകർക്ക് സ്വീകരിക്കാനുമാകും. 12 അടി ഉയരമുള്ള സ്റ്റീൽ തൂണുകളിൽ ശക്തമായ ഇലാസ്റ്റിക് ബെൽറ്റുകൾ ഉപയോഗിച്ചാണ് വേലി നിർമിച്ചിട്ടുള്ളത്. കാട്ടാന തള്ളിയാലും പൊട്ടില്ല. നിർമാണവും സംരക്ഷണവും ചെലവേറിയതാണ്. പദ്ധതി വ്യാപിപ്പിക്കണം എഐ ഫെൻസിങ് സ്ഥാപിക്കുന്നതിന് മുന്പ് വന്യമൃഗ ശല്യം രൂക്ഷമായിരുന്നു. വീടിന് സമീപത്തായാണ് വേലിയുള്ളത്. ഇപ്പോൾ വന്യമൃഗശല്യം ഏതാണ്ട് പൂർണമായും ഇല്ലാതായി. പദ്ധതി വ്യാപിപ്പിച്ചാൽ കൂടുതൽ പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരമാകും. ധന്യ ജയേഷ് ചേലക്കൊല്ലി








0 comments