വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം; ലെബനനിൽ മരണം 20 ആയി

ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണം |Photo: Scrrengrab Reuters
ബെയ്‌റൂത്ത് : വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ലെബനനിൽ ആക്രമണങ്ങൾക്ക് ശമനമില്ല. ശനിയാഴ്ച കരാർ നിലവിൽ വന്നത് മുതൽ ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 20 പേർ കൊല്ലപ്പെട്ടതായി ലെബനൻ വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ കരാർ നിലനിൽക്കെ ഹിസ്ബുള്ള തങ്ങൾക്ക് നേരെ റോക്കറ്റുകൾ പ്രയോഗിച്ചുവെന്നും ഇതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേലിന്റെ വാദം. തെക്കൻ ലെബനനിലെ ഇസ്രയേൽ സൈനികർക്ക് നേരെ ഹിസ്ബുള്ള 50ലധികം തവണ പ്രത്യാക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ച് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
എന്നാൽ, ഇസ്രയേൽ കരാർ നൂറുകണക്കിന് തവണ ലംഘിച്ചെന്ന് ഹിസ്ബുള്ള ആരോപിച്ചു. തങ്ങളുടെ മണ്ണിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുന്നതുവരെ ആക്രമണം തുടരുമെന്നും ഹിസ്ബുള്ള വ്യക്തമാക്കി. ടൈർ ജില്ലയിലെ ബാരിഷ് നഗരത്തിൽ ഒരു വീടിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നബാതിയയിലെ ലെബനൻ സെൻട്രൽ ബാങ്കിന്റെ കെട്ടിടവും വ്യോമാക്രമണത്തിൽ തകർന്നു. കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
മാർച്ച് രണ്ട് മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 4,057 പേർ കൊല്ലപ്പെട്ടതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. സംഘർഷം തുടരുന്നത് വെടിനിർത്തൽ കരാറിന്റെ സാരമായി ബാധിച്ചു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ അമേരിക്കയും ഇറാനും ചേർന്ന് ഈ ആഴ്ച പ്രഖ്യാപിച്ച ഉഭയകക്ഷി ധാരണകൾക്കും ഇതോടെ തിരിച്ചടിയായി.










0 comments