കെയര്‍ സ്റ്റാര്‍മര്‍ പുറത്തേക്ക്, അടുത്ത ദിവസം രാജി സമര്‍പ്പിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ

ലണ്ടൻ: ബ്രിട്ടനിൽ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാജി പ്രഖ്യാപിക്കുകയും പദവി ഒഴിയുന്നതിനുള്ള സമയക്രമം നിശ്ചയിക്കുകയും ചെയ്യുമെന്ന് യുകെയിലെ പ്രമുഖ മാധ്യമമായ 'ദി ഒബ്സർവർ' റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടി നേതാക്കളിൽ നിന്നും ജനങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്ന സ്റ്റാർമർ പദവിയിൽ തുടർന്നുപോകാൻ കഴിയില്ലെന്ന നിഗമനത്തിലാണെന്ന് റിപ്പോര്‍ട് പറയുന്നു.
ഷോക്കായത്
മേക്കർഫീൽഡിലെ അടി
കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയർ സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ അതൃപ്തി ശക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കർഫീൽഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാർമറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായിരുന്ന ആൻഡി ബേൺഹാം 55 ശതമാനം വോട്ട് നേടി വൻ ഭൂരിപക്ഷത്തോടെ ഈ സീറ്റിൽ വിജയിച്ചു.
ലേബർ പാർട്ടി നിയമപ്രകാരം പാർലമെന്റ് അംഗങ്ങൾക്ക് മാത്രമേ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കാൻ സാധിക്കൂ. ബേൺഹാമിന് മത്സരിക്കാൻ അവസരമൊരുക്കാൻ വേണ്ടിയാണ് മേക്കർഫീൽഡിലെ ലേബർ എംപിയായിരുന്ന ജോഷ് സൈമൺസ് കഴിഞ്ഞ മാസം രാജി സമർപ്പിച്ചത്. ഉപതെരഞ്ഞെടുപ്പിൽ നൈജൽ ഫരാഷിന്റെ 'റിഫോം യുകെ' പാർട്ടിയെ അട്ടിമറിച്ചുകൊണ്ട് ബേൺഹാം നേടിയ ഉജ്ജ്വല വിജയം, സ്റ്റാർമറുടെ കസേരയ്ക്ക് ഔദ്യോഗികമായി വെല്ലുവിളി ഉയർത്താൻ വഴിതുറന്നു.
ജനപ്രീതി ചരിത്രമായി
2024-ൽ ലേബർ പാർട്ടിയെ ചരിത്രപരമായ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ നേതാവാണ് കെയർ സ്റ്റാർമർ. എന്നാൽ അധികം വൈകാതെ തന്നെ വിവിധ വിവാദങ്ങളും നയങ്ങളിലെ ഘടനപരമായ മാറ്റങ്ങളും കാരണം അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന കാമ്പയിൽ മെല്ലെ തിരിച്ചടിച്ചു.
ലേബർ പാർട്ടിയുടെ ആകെ എംപിമാരുടെ നാലിലൊന്ന് വരുന്ന നൂറിലധികം ജനപ്രതിനിധികൾ സ്റ്റാർമർ ഉടൻ പദവി ഒഴിയണമെന്ന ആവശ്യം പരസ്യമായി ഉയര്‍ത്തി. ഇതോടെ കാബിനറ്റ് മന്ത്രിമാർ, ഉപദേശകർ, പാർട്ടി ഫണ്ട് നൽകുന്നവർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് രാജിയല്ലാതെ മറ്റു വഴികളില്ലെന്ന തീരുമാനത്തിലേക്ക് പ്രധാനമന്ത്രി എത്തിയതെന്നും 'ദി ഒബ്സർവർ' വ്യക്തമാക്കുന്നു.
അടുത്ത പ്രധാനമന്ത്രി
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആറ് പ്രധാനമന്ത്രമാര്‍ മാറി. ഇനി കെയർ സ്റ്റാർമർ ഒഴിഞ്ഞാൽ രാജ്യം കാണുന്ന ഏഴാമത്തെ പ്രധാനമന്ത്രിയായിരിക്കും ചുമതലയേൽക്കുക. ബ്രിട്ടീഷ് ചരിത്രത്തിൽ രണ്ട് നൂറ്റാണ്ടിനിടയിൽ ഇത്രയും ദ്രുതഗതിയിള്ള കസേര മാറ്റം ഉണ്ടായിട്ടില്ല എന്നു പറയുന്നു.
ലേബർ പാർട്ടിയിൽ വലിയ സ്വാധീനമുള്ള 56-കാരനായ ബേൺഹാം തന്നെയാണ് സ്റ്റാർമറുടെ പിൻഗാമിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന നേതാവ്. വടക്കൻ ഇംഗ്ലണ്ടിലെ ശക്തമായ ജനപിന്തുണയുള്ളതിനാൽ "കിംഗ് ഓഫ് ദി നോർത്ത്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബേൺഹാം പ്രധാനമന്ത്രിയായാൽ വീണ്ടും മാറ്റങ്ങൾ വാരാം. നിലവിലെ ധനമന്ത്രി റേച്ചൽ റീവ്സിനെതിരെയും വികാരം നിലനിൽക്കുന്നുണ്ട്. മുൻ ആരോഗ്യ മന്ത്രിയായ വെസ് സ്ട്രീറ്റിംഗ് പകരം ചര്‍ച്ചകളിൽ നിറഞ്ഞു നിൽക്കുന്നു.
പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ കാരണം ഭരണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും, ഏത് വെല്ലുവിളിയേയും നേരിടുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാർമർ പ്രസ്താവിച്ചിരുന്നു.
2024-ൽ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ നേതാവാണ് കെയർ സ്റ്റാർമർ.
പീറ്റർ മാൻഡൽസൺ എന്ന കലി
സ്റ്റാർമറുടെ പ്രതിച്ഛായയ്ക്ക് ഏറ്റവുമധികം മങ്ങലേൽപ്പിച്ച ഒന്നാണ് ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരിട്ട മുതിർന്ന ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡൽസണെ യു എസിലെ യുകെ അംബാസഡറായി നിയമിച്ചത്. സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടിട്ടും പശ്ചാത്തലം വ്യക്തമായിട്ടും ഈ നിയമനം നടത്തിയത് ചോദ്യം ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം മാൻഡൽസണെ പുറത്താക്കേണ്ടി വരികയും, സ്റ്റാർമറുടെ രാഷ്ട്രീയ വിവേചനബുദ്ധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തു.
അധികാരത്തിൽ വരുന്നതിന് മുൻപും ശേഷവും ജനങ്ങൾക്ക് നൽകിയ പല പ്രധാന വാഗ്ദാനങ്ങളിൽ നിന്നും സ്റ്റാർമർ പിന്നോട്ടുപോയി. ഒരു മാസത്തിനിടെ മൂന്ന് പ്രധാന നയങ്ങളാണ് അദ്ദേഹത്തിന്റെ സർക്കാർ തിരുത്തിയത്. ഇത് പാർട്ടിയിലെ ഇടതുപക്ഷ വിഭാഗത്തെയും സാധാരണ വോട്ടർമാരെയും ഒരുപോലെ പ്രകോപിപ്പിച്ചു. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാൻ ഇത് കാരണമായി.
ബിസിനസ് സൗഹൃദ സർക്കാർ എന്ന പ്രതിച്ഛായയോടെയാണ് ലേബർ പാർട്ടി വന്നതെങ്കിലും അധികാരമേറ്റ ശേഷം നികുതികൾ വർദ്ധിപ്പിച്ചു. എന്നാൽ അതേസമയം തന്നെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന പദ്ധതികളിൽ വെട്ടിക്കുറയ്ക്കൽ വരുത്തുകയും ചെയ്തു. ദീർഘകാലമായി തുടരുന്ന ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാനോ പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനോ സർക്കാരിന് സാധിച്ചില്ല.
നിയമവിരുദ്ധ കുടിയേറ്റം കൈകാര്യം ചെയ്യുന്നതിൽ സ്റ്റാർമർ സർക്കാർ പൂർണ്ണ പരാജയമാണെന്ന വാദം വലതുപക്ഷ കക്ഷിയായ നൈജൽ ഫരാഷിന്റെ 'റിഫോം യുകെ' ഉയര്‍ത്തിക്കൊണ്ടു വന്നു. വിദ്വേഷ രാഷ്ട്രീയം പ്രതിരോധിക്കാൻ കഴിഞ്ഞില്ല.










0 comments