"എനിക്ക് വ്യക്തിത്വമുണ്ട്, തുറന്നുപറയും; പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ കയ്യിലെത്തിക്കാനാണ് ശ്രമം''

ശ്വേത മേനോൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
കൊച്ചി: ഗുരുതര ആരോപണങ്ങളുയര്‍ത്തി താരസംഘടനയായ 'അമ്മ'യുടെ അംഗത്വം രാജിവെച്ച് പ്രസിഡന്റായിരുന്ന ശ്വേത മേനോൻ. പാവകളായില്ലെങ്കിൽ സംഘടന നടത്തിക്കൊണ്ടുപോകാനാകില്ലെന്നും, പാവയാകാൻ താൻ തയ്യാറല്ലാത്തതിനാലുമാണ് രാജിവെക്കുന്നതെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ജനറൽബോഡിക്ക് ശേഷം പുറത്തിറങ്ങിയ ശ്വേത അറിയിച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള എല്ലാ അംഗങ്ങളും രാജിക്കത്ത് സമർപ്പിച്ചു.
പേരെടുത്ത് പറയാതെ, ഇതിന് മുൻപുണ്ടായിരുന്ന ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ശ്വേത ഉന്നയിച്ചത്. ആദ്യം മുതൽക്കെ അജണ്ടവെച്ച് തന്നെ പുറത്താക്കാൻ ചിലർ ശ്രമിച്ചുവെന്ന് ശ്വേത പറഞ്ഞു. "പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ കയ്യിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്ന് എനിക്കും തോന്നി. മിക്ക അംഗങ്ങളെയും പിടിച്ചുകൊണ്ടുപോയി അവിശ്വാസത്തിൽ ഒപ്പുവെപ്പിച്ചു. ഓഫീസ് സ്റ്റാഫിന്റെ പരാതി ഉയർന്നപ്പോൾ മുതൽ ട്രഷറർ രഹസ്യമായി കടന്നുകളഞ്ഞു. സംഘടനോട് ഒരറിയിപ്പുമില്ലാതെ ഓടിപ്പോകുകയായിരുന്നു ട്രഷറർ. സെപ്തംബർ ഒന്നുമുതലുള്ള ഈ ഭരണസമിതിയുടെ എല്ലാ കണക്കുകളും കൃത്യമാണ്. അതിന് മുൻപേ ബാബുരാജ് കൈകാര്യം ചെയ്തിരുന്ന സമയത്ത് ഒരുപാട് കുഴപ്പങ്ങളുണ്ട്. അത് ഇന്നുവരെ പുറത്തുറഞ്ഞിട്ടില്ല. ഇന്ന് ഞാൻ അമ്മയിൽ അംഗമല്ല. അതുകൊണ്ട് തുറന്നുപറയാനാകുന്നതിൽ ആശ്വാസമുണ്ട്. എനിക്കൊരു വ്യക്തിത്വമുണ്ട്, പറയാനുള്ളത് ഞാൻ തുറന്നുപറയും."- ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
'അമ്മ' സംഘടനയുടെ ആദ്യ വനിതാപ്രസിഡന്റാണ് ശ്വേത മേനോൻ. പദവിയിലെത്തി ഒരു വർഷം തികയും മുൻപെയാണ് ആഭ്യന്തരകലഹത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നത്.
സംഘടനയുടെ വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൂട്ടരാജിയിലേക്ക് നയിച്ചത്. വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ പിഴവുകളും അവ്യക്തതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ രംഗത്തെത്തുകയായിരുന്നു. കണക്കുകളിൽ സുതാര്യതയില്ലെന്ന വിമർശനം ഉയർന്നതോടെ റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല.
കൂടാതെ, ബൈലോ പ്രകാരം യോഗത്തിന് 25 ദിവസം മുൻപ് റിപ്പോർട്ട് തയ്യാറാക്കി അംഗങ്ങൾക്ക് നൽകേണ്ടതായിരുന്നു. ഇത് പാലിക്കാതെ യോഗം വിളിച്ചുചേർത്തത് നിയമവിരുദ്ധമാണെന്ന വാദവും ഉയർന്നു. നടൻ ബാബുരാജാണ് യോഗത്തിൽ കണക്കുകൾക്കെതിരെ ഏറ്റവും കടുത്ത വിമർശനം ഉന്നയിച്ചത്.
അതേസമയം, ട്രഷറർ സ്ഥാനത്ത് ആളില്ലാത്തതാണ് കണക്കുകളിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ശ്വേതമേനോന്‍ നല്‍കിയ വിശദീകരണം. അച്ചടക്ക നടപടിയുടെ ഭാഗമായി ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പോകാൻ സംഘടന നേരത്തെ നിർദ്ദേശിച്ചിരുന്നു.
തനിക്ക് 45 ദിവസത്തെ സമയം അനുവദിച്ചാൽ ഈ കണക്കുകൾ കൃത്യമാക്കി അവതരിപ്പിക്കാൻ കഴിയുമെന്നും അതിനുള്ള അനുമതി ജനറൽ ബോഡി നൽകിയാൽ മതിയെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നുമുള്ള കർശന നിലപാടിൽ താരങ്ങൾ ഉറച്ചുനിന്നു.
പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി വരുന്നത് വരെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അഡ്ഹോക് കമ്മിറ്റി ആയിരിക്കും.










0 comments