ഒമാനിൽ വേനൽ കടുക്കുന്നു; സൂര്യാഘാത മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ വേനൽ കടുത്തതോടെ സൂര്യാഘാത മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. വേനൽക്കാലത്ത് താപനില കുത്തനെ ഉയരുന്നതോടെ സൂര്യാഘാതവും അനുബന്ധമായി ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും ഒഴിവാക്കാനായി കർശനമായ മാർഗനിർദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്. ഇത്തരം നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സുൽത്താനേറ്റിലെ ഔദ്യോഗിക വേനൽക്കാലം ആരംഭിക്കുന്നത് ജൂൺ 21 മുതൽ ആണെന്നിരിക്കിലും മെയ് മാസം തുടക്കം മുതൽ തന്നെ കടുത്ത ചൂട് രാജ്യത്തിൻറെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഒരു ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും ചൂടുകൂടിയ പ്രദേശം ഒമാനിൽ നിന്നാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വേനൽക്കാല പുറം ജോലി സമയപരിധിയും ഇതിനകം നിലവിൽ വന്നിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും മൂന്നരയ്ക്കുമിടയിൽ പുറം ജോലികളിൽ തൊഴിലാളികളെ ഉൾപ്പെടുത്തിയാൽ കനത്ത പിഴ ചുമത്താനാണ് നിർദ്ദേശം.
മുതിർന്ന പൗരന്മാർ, കുട്ടികൾ, തുറന്ന സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നവർ, ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അടച്ചതും എയർ കണ്ടീഷൻ ചെയ്യാത്തതുമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവർ, തീർത്ഥാടകർ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരുടെ വേനൽക്കാല ശാരീരിക ബുദ്ധിമുട്ടുകൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയ പ്രതിനിധി ഡോ. ഷംസ ബിൻത് അഹമ്മദ് അൽ ഹാർത്തി ചൂണ്ടിക്കാട്ടി. അമിതമായ വിയർപ്പ്, ക്ഷീണം, തലവേദന, ഓക്കാനം, ഛർദ്ദി, തലകറക്കം, അമിത ദാഹം, പേശിവലിവ്, വേഗത്തിലുള്ള നാഡിമിടിപ്പ്, ശരീര താപനില 38 നും 39.5 നും ഇടയിൽ ഉയരുക, ചർമ്മത്തിൽ ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിര വൈദ്യസഹായം തേടേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.










0 comments