നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഹരിയാനയിലും വിദ്യാർഥിനി ജീവനൊടുക്കി

ഹിസാർ: നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് മറ്റൊരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഹരിയാനയിലെ ഹിസാറിൽ പത്തൊൻപതുകാരിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഹിസാർ ബാർവാല സ്വദേശിനിയായ പെൺകുട്ടിയാണ് പരീക്ഷാ കേന്ദ്രത്തിലേക്ക് പുറപ്പെടാൻ ഇരിക്കെ ഞായറാഴ്ച രാവിലെ വീട്ടിൽ വെച്ച് കീടനാശിനി കഴിച്ചത്.
രാജസ്ഥാനിലെ സികാറിൽ താമസിച്ച് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. ഇത് വിദ്യാർഥിയുടെ മൂന്നാമത്തെ ശ്രമമായിരുന്നു. ആദ്യ തവണ യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് റദ്ദാക്കപ്പെട്ട രണ്ടാമത്തെ പരീക്ഷയ്ക്ക് ശേഷമുള്ള പുനഃപരീക്ഷ എഴുതാനിരിക്കെയാണ് ദാരുണ സംഭവം.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ പെൺകുട്ടി പെട്ടെന്ന് ഛർദ്ദിക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ഉടൻ തന്നെ ഗ്രാമത്തിലെ പ്രാദേശിക ഡോക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും സ്ഥിതി വഷളായി. തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
പെൺകുട്ടി രാവിലെ വരെ തികച്ചും സാധാരണ നിലയിലായിരുന്നുവെന്നും രാത്രി മുഴുവൻ ഇരുന്ന് പഠിക്കുകയായിരുന്നെന്നും അച്ഛൻ പറഞ്ഞു. രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമെന്നാണ് മകൾ പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മരണകാരണം പരീക്ഷാ പീഡനമോ മാനസിക സമ്മർദ്ദമോ ആണോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഹിസാർ സൂപ്രണ്ട് ഓഫ് പോലീസ് സിദ്ധാന്ത് ജെയിൻ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതായും പോലീസ് അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3ന് നടന്ന ആദ്യ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്നുള്ള നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച ഉച്ചയ്ക്ക് നടന്നു. ഇതിന് തൊട്ടുമുമ്പാണ് വിദ്യാർഥിയുടെ ആത്മഹത്യ. പരീക്ഷ റദ്ദാക്കിയതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വിദ്യാർഥികളാണ് പരീക്ഷാ സമ്മർദ്ദം മൂലം ജീവനൊടുക്കിയത്.
വിവിധ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തുണ്ട്. പരീക്ഷാ അട്ടിമറിയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉൾപ്പെടെ ശക്തമായ സമര പരിപാടികളാണ് നടക്കുന്നത്.









0 comments