ad
Deshabhimani

'ഒന്നിനും കൊള്ളാത്തവർ'; ബംഗളൂരുവിൽ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖാർഗെ

kharge blr
വെബ് ഡെസ്ക്

Published on Jun 21, 2026, 08:29 PM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ നടന്ന കോൺഗ്രസിന്റെ 'സങ്കൽപ് സമാവേശ്' പരിപാടിക്കിടെ പ്രവർത്തകർക്കെതിരെ പൊട്ടിത്തെറിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് അനുകൂലമായി പ്രവർത്തകർ വേദിക്ക് മുന്നിൽ തുടർച്ചയായി മുദ്രാവാക്യം വിളിച്ചതാണ് ഖാർഗെയെ ചൊടിപ്പിച്ചത്. പ്രവർത്തകരുടെ പെരുമാറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട അദ്ദേഹം, പ്രവർത്തകരെ 'ഒന്നിനും കൊള്ളാത്തവർ' എന്ന് വിളിച്ച് ആക്രോശിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.


മുഖ്യമന്ത്രി ഡി കെ ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല തുടങ്ങിയ മുതിർന്ന നേതാക്കൾ വേദിലിരിക്കെയാണ് ഒരു വിഭാഗം പ്രവർത്തകർ 'ഡി കെ - ഡി കെ' എന്ന് വിളിച്ച് കൂവി പരിപാടി തടസ്സപ്പെടുത്തിയത്. നേതാക്കൾ പലതവണ ശാന്തരാകാൻ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നതോടെ ഖാർഗെ തന്റെ പ്രസംഗം നിർത്തിവെച്ച് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.


"നിങ്ങൾ ഇവിടെ കിടന്ന് ബഹളം വെച്ചാൽ രാജ്യം മുഴുവൻ അതിന്റെ ഫലമനുഭവിക്കേണ്ടി വരുമോ? ഇത് ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയുള്ള പരിപാടിയല്ല, പാർടി പരിപാടിയാണ്. വ്യക്തിപൂജ ഇവിടെ അനുവദിക്കില്ല. നാമെല്ലാവരും ഒത്തുചേർന്നത് പാർടിയുടെ പരിപാടിക്കാണ്," ഖാർഗെ പറഞ്ഞു.


തന്റെ 58 വർഷത്തെ രാഷ്ട്രീയ പരിചയം ഓർമ്മിപ്പിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ വിമർശനം. പല നേതാക്കളും പാർടിയിലേക്ക് വന്നിട്ടുണ്ടെന്നും പാർടിക്ക് അവർ നൽകിയ സംഭാവന ചെറുതാണെങ്കിലും പാർടി അവർക്ക് നൽകിയത് വലിയ പദവികളാണെന്നും ഖാർഗെ ഓർമ്മിപ്പിച്ചു. ഇവിടെ കിടന്ന് ബഹളം വെയ്ക്കുന്നവരുടെ ദൃശ്യങ്ങൾ ക്യാമറയിലുണ്ടെന്നും, ഇത് പരിശോധിച്ച് കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയുമായി നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ ജൂൺ 4-നാണ് ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് ശിവകുമാറിനായി പാർടി വേദിയിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home