പഞ്ചായത്തിൽ സാമ്പത്തിക തിരിമറി; താൽക്കാലിക ജീവനക്കാരിയും ഭർത്താവും ബന്ധുവും അറസ്റ്റിൽ

രാമകൃഷ്ണൻ, വിദ്യ
മണ്ണാർക്കാട്: യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ പഞ്ചായത്തിൽ നടന്ന സാമ്പത്തിക തിരിമറിയിൽ ഒരു താൽക്കാലിക ജീവനക്കാരി അടക്കം മൂന്നുപേർ അറസ്റ്റിൽ. പഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് തച്ചമ്പാറ ചൂരിയോട് സ്വദേശി വിദ്യ (38), ഭർത്താവ് രാമകൃഷ്ണൻ (50), ബന്ധു സുശീല (45) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജഡ്ജി മുഹമ്മദ് അസറുദ്ദീനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായർ രാവിലെയാണ് മൂന്ന് പ്രതികളെയും കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. 13 ലക്ഷത്തോളം രൂപ കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റിൽനിന്ന് 17 തവണകളായി തട്ടിയെടുക്കുകയായിരുന്നു.
രാമകൃഷ്‌ണന്റെയും സുശീലയുടെയും അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അറിവില്ലാതെ യൂസർ നെയിം, പാസ്‌വേഡ്, ഡിജിറ്റൽ ഒപ്പ് എന്നിവ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. 2025–-26 സാമ്പത്തിക വർഷത്തെ എഎഫ്‌എസ് തയ്യാറാക്കുന്നതിനിടെ നടന്ന പരിശോധനയിലാണ് കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ് വരുന്ന കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ സാമ്പത്തിക തിരിമറി ശ്രദ്ധയിൽപ്പെട്ടത്.









0 comments