ad
Deshabhimani

ബോളിവുഡിലെ ഖാൻമാർക്ക് വെല്ലുവിളിയാകുമെന്ന് കരുതി; ഒരൊറ്റ ചിത്രത്തോടെ അപ്രത്യക്ഷനായ താരം, മരിച്ചെന്ന് വരെ വ്യാജപ്രചാരണം!

nakul kapoor
വെബ് ഡെസ്ക്

Published on Jun 21, 2026, 09:10 PM | 2 min read

മുംബൈ: ബോളിവുഡിലെ ഖാൻമാർ തങ്ങളുടെ കരിയർ കെട്ടിപ്പടുക്കാൻ കഠിനശ്രമം നടത്തിയിരുന്ന 90-കളുടെ അവസാനത്തിലും 2000-ന്റെ തുടക്കത്തിലും, ഒരൊറ്റ ആൽബത്തിലൂടെയും സിനിമയിലൂടെയും വന്ന് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന ഒരു നടനുണ്ടായിരുന്നു - നകുൽ കപൂർ. എന്നാൽ കരിയറിന്റെ തുടക്കത്തിൽ തന്നെ ബോക്സ് ഓഫീസിനെ ഉലച്ച ഈ ചോക്ലേറ്റ് നായകൻ പെട്ടെന്ന് സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷനാകുകയായിരുന്നു.


1998-ൽ പുറത്തിറങ്ങിയ 'ഹോ ഗയീ ഹേ മൊഹബത്ത് തുംസേ' (Ho Gayi Hai Mohabbat Tumse) എന്ന സൂപ്പർഹിറ്റ് മ്യൂസിക് ആൽബത്തിലൂടെയാണ് നകുൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ 'തുംസേ അച്ഛാ കോൻ ഹേ' (Tumse Achha Kaun Hai) എന്ന മ്യൂസിക്കൽ ഡ്രാമ ചിത്രത്തിലൂടെ താരം ബോളിവുഡിൽ നായകനായി അരങ്ങേറ്റം കുറിച്ചു. കിം ശർമ്മ, ആരതി ഛാബ്രിയ എന്നിവർ ഒപ്പം അഭിനയിച്ച പ്രണയചിത്രവും അതിലെ ഗാനങ്ങളും വൻ ഹിറ്റായതോടെ നകുൽ കപൂർ യുവാക്കളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ പ്രിയതാരമായി മാറി. ഖാൻമാരുടെ യുഗത്തിൽ ബോളിവുഡ് ഭരിക്കാൻ പോകുന്ന അടുത്ത സൂപ്പർസ്റ്റാർ എന്നാണ് നകുൽ അന്ന് വിശേഷിപ്പിക്കപ്പെട്ടത്.


സിനിമയിൽ തിളങ്ങിനിൽക്കുന്നതിനിടെ പെട്ടെന്നൊരു ദിവസമാണ് നകുൽ സിനിമാ ലോകത്തോട് വിടപറഞ്ഞത്. താരം എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് വർഷങ്ങളോളം ആർക്കും ഒരു വിവരവുമില്ലായിരുന്നു. ഇതിനിടെ, നകുൽ ഒരു ദാരുണമായ അപകടത്തിൽ മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ശക്തമായ പ്രചാരണങ്ങൾ നടന്നു. കടുത്ത അസുഖം ബാധിച്ചാണ് താരം മരിച്ചതെന്ന രീതിയിലും വാർത്തകൾ വന്നിരുന്നു.


എന്നാൽ ഈ വാർത്തകളെല്ലാം പൂർണ്ണമായും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. താൻ ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നുണ്ടെന്ന് താരം തന്നെ വ്യക്തമാക്കുകയായിരുന്നു. സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്നും മാറി തികച്ചും ആത്മീയവും ശാന്തവുമായ ഒരു ജീവിതരീതിയാണ് നകുൽ തിരഞ്ഞെടുത്തത്.


നിലവിൽ കാനഡയിലേക്ക് താമസം മാറിയ നകുൽ അവിടെ 'ഡിവൈൻ ലൈറ്റ്' എന്ന പേരിൽ ഒരു യോഗ ആൻഡ് വെൽനസ് സെന്റർ നടത്തിവരികയാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ യോഗാ സെഷനുകളുടെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. കുടുംബജീവിതം തികച്ചും രഹസ്യമായി സൂക്ഷിക്കാൻ താല്പര്യപ്പെടുന്ന നകുൽ, ഭാര്യയുടെയോ മക്കളുടെയോ വിവരങ്ങൾ ഇതുവരെ പൊതുവേദികളിൽ വെളിപ്പെടുത്തിയിട്ടില്ല. സിനിമയിലെ പകിട്ടേറിയ ജീവിതം ഉപേക്ഷിച്ച് യോഗയുടെയും ആത്മീയതയുടെയും വഴിയിലാണ് താരം ഇപ്പോൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home