വീണ്ടും നീറ്റ് പരീക്ഷ: ഭയവും അമർഷവും മറച്ചുവെക്കാതെ പരീക്ഷാർഥികൾ; രൂക്ഷവിമർശനവുമായി രക്ഷിതാക്കളും

ന്യൂഡൽഹി: ക്രമക്കേടിനെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ രണ്ടാമതും എഴുതേണ്ടി വന്നപ്പോൾ പരീക്ഷാർഥികളിൽ പലരിലും ദൃശ്യമായത് അമർഷവും പ്രതീക്ഷ നഷ്ടപ്പെട്ട മുഖഭാവവും. ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് ആദ്യ പരീക്ഷയെഴുതിയവർക്ക് ക്രമക്കേട് മൂലം വീണ്ടും പരീക്ഷ എഴുതേണ്ടി വന്നത് മാനസീകമായി വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. 23 ലക്ഷം വിദ്യാര്‍ഥികളെഴുതിയ പരീക്ഷയാണ് റദ്ദാക്കിയത്.
ചില വിദ്യാർഥികൾ പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുക പോലുമുണ്ടായി.മെയ് 3ന് നടത്തിയ നീറ്റ് പരീക്ഷയാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത് . കുട്ടികൾ ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന് ആര് സമാധാനം പറയും; സർക്കാർ പറയുമോ- ഒരു രക്ഷിതാവ് അമർഷത്തോടെ ചോദിച്ചു. കുട്ടികളെ മാത്രമല്ല മാതാപിതാക്കളേയും വലിയ മാനസീക വിഷമത്തിൽ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു നീറ്റ് പുന:പരീക്ഷ തീരുമാനം. എഴുതിയ പരീക്ഷ വീണ്ടും എഴുതേണ്ടി വന്നതിന്റെ മാനസീക പിരിമുറുക്കത്തിൽ വിദ്യാർഥികൾ നിൽക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാനാകാതെ മാതാപിതാക്കളും കുഴയുകയാണ്.
കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്ത രക്ഷിതാക്കളെ കൂടുതൽ ഭയപ്പെടുത്തി. പരീക്ഷയുടെ വിശ്വാസ്യത ഇതോടെ നഷ്ടപ്പെടുന്നതായും പലരും സംശയിക്കുന്നു. ആദ്യ പരീക്ഷ റദ്ദാക്കിയ വാർത്ത കേട്ടപ്പോൾ എൻെ മാനസീക നില ആകെ തകരാറിലായി, എല്ലാം നഷ്ടപ്പെട്ടപോലെയായിരുന്നു-അൻഷുൽ ചൗഹാൻ എന്ന പരീക്ഷാർഥി പറഞ്ഞു
'വല്ലാത്ത ഞെട്ടലായിരുന്നു പരീക്ഷ റദ്ദാക്കിയപ്പോൾ ഉണ്ടായത്. എനിക്കന്ന് സുഖമില്ലായിരുന്നു. അതേസമയം, ഇതെനിക്ക് രണ്ടാം അവസരമായി കൂടി കണക്കാക്കുന്നു'. ഹരിയാനയിലെ വിദ്യാർഥിയായ അനുഷ്ക ശർമ പറഞ്ഞു.അതേസമയം, ഇത് താങ്ങാൻ പറ്റാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും വളർത്തി പഠിപ്പിച്ച് പരീക്ഷയ്ക്ക് കൊണ്ടുവരുമ്പോൾ കുട്ടികൾ ചതിക്കപ്പെടുകയാണെന്നും അനുഷ്കയുടെ അമ്മ പ്രതികരിച്ചു.









0 comments