ad
Deshabhimani

മണലാരണ്യത്തിലെ 'ചക്കവിസ്മയം'; സൊഹാറിലെ ചക്കത്തോപ്പിലേക്ക് പ്രവാസികളുടെ ഒഴുക്ക്

oman chakka
വെബ് ഡെസ്ക്

Published on Jun 21, 2026, 06:49 PM | 1 min read

സൊഹാറ: ചക്കപ്രേമികളുടെ മനവും വയറും നിറക്കാൻ ഒമാനിലെ സൊഹാറിൽ ഇതാ ഒരു കിടിലൻ ചക്കത്തോട്ടം. പ്ലാവിൻ കൊമ്പുകളിൽ ചക്കകൾ കൂട്ടത്തോടെ കായ്ച്ചുനിൽക്കുന്ന മനോഹരമായ കാഴ്ച കാണാനും, നല്ല നാടൻ ചക്ക ന്യായവിലയ്ക്ക് വാങ്ങാനും ഇവിടെ വലിയ തിരക്കാണ്. ഒമാനിൽ പലയിടങ്ങളിലും പ്ലാവുകളുണ്ടെങ്കിലും, സൊഹാറിലെ ഈ തോട്ടത്തിലേതുപോലെ ഇത്രയധികം ചക്കകൾ കായ്ച്ചുനിൽക്കുന്ന കാഴ്ച അപൂർവ്വമാണ്.


വർഷങ്ങളായി ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇവിടെ ചക്ക സീസൺ എത്താറുള്ളത്. ആഴ്ചയിൽ വെള്ളിയാഴ്ച മാത്രമാണ് തോട്ടത്തിൽ ചക്ക വില്പനയുള്ളത്. കിലോയ്ക്ക് 800 ബൈസയാണ് വില ഈടാക്കുന്നത്. വലിയ ഷോപ്പിംഗ് മാളുകളിൽ ചെറിയൊരു കഷ്ണം ചക്കയ്ക്ക് പോലും വലിയ തുക നൽകേണ്ടി വരുമ്പോൾ, ഇവിടെ തികച്ചും ന്യായമായ വിലയ്ക്ക് നല്ല ഫ്രഷ് ചക്ക വാങ്ങി മടങ്ങാമെന്നതാണ് പ്രവാസികളെ ആകർഷിക്കുന്നത്. നാട്ടിലെ വരിക്കയും കൂഴയും അല്ലാത്ത മറ്റൊരു പ്രത്യേക ഇനം ചക്കയാണ് ഇവിടെയുള്ളത്. ചക്ക കൂടാതെ മാങ്ങയും നാരങ്ങയും ഈ തോട്ടത്തിലുണ്ട്.


ചക്ക പഴുപ്പിച്ചു തിന്നാൻ കാത്തുനിൽക്കാതെ, നാട്ടിലെ പഴയ ചക്കക്കാലം ഓർമ്മിപ്പിക്കുന്ന പലവിധ വിഭവങ്ങൾ ഉണ്ടാക്കാനാണ് തോട്ടത്തിൽ എത്തുന്ന പ്രവാസി കുടുംബങ്ങൾ കൂടുതലായും ചക്ക വാങ്ങുന്നത്. കീടനാശിനികൾ ഒട്ടും ഏൽക്കാതെ പ്രകൃതിദത്തമായി വളരുന്നതുകൊണ്ട് തന്നെ, നമുക്ക് ലഭിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഒരു ഓർഗാനിക് ഫലം കൂടിയാണിത്. 2018-ലാണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.


നാട്ടിലെ പ്ലാവും മാവും മാമ്പഴവുമെല്ലാം കായ്ച്ചുനിൽക്കുന്ന തോട്ടങ്ങൾ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് തികച്ചും പുതുമയുള്ള ഒരു അത്ഭുതക്കാഴ്ചയാണ്. അതുകൊണ്ടുതന്നെ അവധി ദിവസങ്ങളിൽ കുട്ടികളെയും കൂട്ടിയാണ് പലരും തോട്ടം കാണാൻ എത്തുന്നത്. മണലാരണ്യത്തിലെ ഈ ചക്ക വിശേഷങ്ങൾ റീൽസുകളായും വ്ലോഗുകളായും സോഷ്യൽ മീഡിയയിലും ഇപ്പോൾ വൻതോതിൽ തരംഗമാവുകയാണ്.

oman sohara

oman



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home