വടക്കഞ്ചേരിയിൽ 46 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് 46 ഗ്രാമോളം എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും വടക്കഞ്ചേരി പൊലീസ് പിടികൂടി. കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ബംഗളൂരുവിൽ നിന്നും രണ്ട് വ്യത്യസ്ത ട്രാവൽസ് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു ഇരുവരും. തുടർന്ന് പന്നിയങ്കരയിൽ ബസിറങ്ങിയ ശേഷം, മറ്റൊരു ബസിൽ ഒന്നിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇവർ പൊലീസിന്റെ വലയിലാകുന്നത്. ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പിടിയിലാകുമ്പോൾ ആകെ 45.253 ഗ്രാം എംഡിഎംഎ ഇവരുടെ കൈവശമുണ്ടായിരുന്നു. ഇതിൽ 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് സുഹൃത്തുക്കളായ ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളുടെ പേരിൽ മറ്റ് കേസുകൾ നിലവിലില്ലെന്നാണ് വിവരം. കോടതിയിൽ ഹാജറാക്കിയ ഇവരെ റിമാൻഡ് ചെയ്തു.










0 comments