ad
Deshabhimani

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ പണത്തെച്ചൊല്ലി തർക്കം; മർദനമേറ്റ യുവാവ് കൊല്ലപ്പെട്ടു

tcr brothel
വെബ് ഡെസ്ക്

Published on Jun 21, 2026, 06:07 PM | 1 min read

തൃശൂർ: നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മർദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധദൻപദ്‌ നായിക് (27) ആണ് മരിച്ചത്. തൃശൂർ കോരപ്പത്ത് ലൈനിലെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ ജൂൺ 18-ന് രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.


കൊല്ലപ്പെട്ട ധദൻപദ് നായികും പരിക്കേറ്റ മറ്റ് രണ്ടുപേരും എംജി റോഡിലെ ഹോട്ടൽ ജീവനക്കാരാണ്. ഈ കേന്ദ്രത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, സർവീസ് മോശമാണെന്ന് പറഞ്ഞ് ഇവർ പണത്തെച്ചൊല്ലി തർക്കിക്കുകയായിരുന്നു. തുടർന്ന് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ സ്ത്രീകളുൾപ്പെടെയുള്ള എട്ടംഗ സംഘം മൂവരെയും ഇടിവളയടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. മർദനത്തിന് ശേഷം പ്രതികൾ ഇവരെ കാറിൽ കയറ്റി കോട്ടപ്പുറത്തുള്ള താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.


നാണക്കേട് ഭയന്ന് ആദ്യഘട്ടത്തിൽ ഇവർ ചികിത്സ തേടിയില്ലെങ്കിലും പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് ധദൻപദ് നായിക് മരണപ്പെട്ടത്.


സംഭവത്തെ തുടർന്ന് ഈസ്റ്റ് പൊലീസ് നടത്തിയ റെയ്ഡിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനുമുണ്ട്. അറസ്റ്റിലായ സ്ത്രീകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരെ കൊലപാതകം, അനാശാസ്യ നടത്തിപ്പ്, സംഘം ചേരൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാൾ അസമിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home