നാടകീയ രംഗങ്ങൾ; 'അമ്മ' ഭരണസമിതി ഒന്നടങ്കം രാജിവെച്ചു

കൊച്ചി: വാർഷിക ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള എല്ലാ അംഗങ്ങളും രാജിക്കത്ത് സമർപ്പിച്ചു. പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി വരുന്നത് വരെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അഡ്ഹോക് കമ്മിറ്റി ആയിരിക്കും.
സംഘടനയുടെ വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൂട്ടരാജിയിലേക്ക് നയിച്ചത്. വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ പിഴവുകളും അവ്യക്തതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ രംഗത്തെത്തുകയായിരുന്നു. കണക്കുകളിൽ സുതാര്യതയില്ലെന്ന വിമർശനം ഉയർന്നതോടെ റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല.
കൂടാതെ, ബൈലോ പ്രകാരം യോഗത്തിന് 25 ദിവസം മുൻപ് റിപ്പോർട്ട് തയ്യാറാക്കി അംഗങ്ങൾക്ക് നൽകേണ്ടതായിരുന്നു. ഇത് പാലിക്കാതെ യോഗം വിളിച്ചുചേർത്തത് നിയമവിരുദ്ധമാണെന്ന വാദവും ഉയർന്നു. നടൻ ബാബുരാജാണ് യോഗത്തിൽ കണക്കുകൾക്കെതിരെ ഏറ്റവും കടുത്ത വിമർശനം ഉന്നയിച്ചത്.
അതേസമയം, ട്രഷറർ സ്ഥാനത്ത് ആളില്ലാത്തതാണ് കണക്കുകളിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ശ്വേതമേനോന്‍ നല്‍കിയ വിശദീകരണം. അച്ചടക്ക നടപടിയുടെ ഭാഗമായി ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പോകാൻ സംഘടന നേരത്തെ നിർദ്ദേശിച്ചിരുന്നു.
തനിക്ക് 45 ദിവസത്തെ സമയം അനുവദിച്ചാൽ ഈ കണക്കുകൾ കൃത്യമാക്കി അവതരിപ്പിക്കാൻ കഴിയുമെന്നും അതിനുള്ള അനുമതി ജനറൽ ബോഡി നൽകിയാൽ മതിയെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നുമുള്ള കർശന നിലപാടിൽ താരങ്ങൾ ഉറച്ചുനിന്നു.










0 comments