കുഞ്ഞിന്റെ ആദ്യ പ്രീസ്‌കൂൾ ദിനം; അവധിയെടുക്കാൻ 'നിർബന്ധിച്ച' വിദേശി മാനേജരെക്കുറിച്ച് ഇന്ത്യൻ യുവാവ്

ന്യൂഡൽഹി: ഇന്ത്യൻ തൊഴിലിടങ്ങളിലെ മാനേജർമാരും വിദേശ രാജ്യങ്ങളിലെ മാനേജർമാരും ജീവനക്കാരോട് കാണിക്കുന്ന സമീപനങ്ങളിലെ വ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്ന് ഇൻസ്റ്റാഗ്രാം വീഡിയോ. തന്റെ കുഞ്ഞിന്റെ ആദ്യ പ്രീസ്‌കൂൾ ദിനത്തിൽ ജോലി ചെയ്യാൻ ലോഗിൻ ചെയ്ത യുവാവിനോട്, ജോലി നിർത്തിവെച്ച് കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാൻ വിദേശിയായ മാനേജർ ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സൗരഭ് വർമ്മ എന്ന ഇന്ത്യൻ യുവാവാണ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ (thechanchanman_1) ഈ അനുഭവം പങ്കുവെച്ചത്. കുഞ്ഞിന്റെ ആദ്യ സ്‌കൂൾ ദിനമായതിനാൽ സൗരഭ് ഓഫീസിലെ ഒരു മീറ്റിങിൽ അല്പം വൈകിയാണ് പങ്കെടുത്തത്. മീറ്റിങിൽ വൈകിയതിനുള്ള കാരണം മാനേജറോട് വിശദീകരിച്ച സൗരഭ്, ആ സമയത്ത് മാനേജർ നൽകിയ മറുപടി കേട്ട് അത്ഭുതപ്പെടുകയായിരുന്നു.
"ഗയ്സ്, എനിക്ക് ഒരു വിദേശി മാനേജർ ആണുള്ളത്. അദ്ദേഹം ഇന്ന് എന്നെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയും നിർബന്ധപൂർവ്വം അവധിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാരണം ഇന്ന് എന്റെ കുഞ്ഞിന്റെ ആദ്യ പ്രീസ്‌കൂൾ ദിനമായിരുന്നു," സൗരഭ് വീഡിയോയിൽ പറയുന്നു.
"സൗരഭ്, നീ എന്തിനാണ് ഇന്ന് ജോലിക്ക് വന്നത്? ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. നീ നിന്റെ കുഞ്ഞിനൊപ്പം ഉണ്ടായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. നീ പ്രീസ്‌കൂളിൽ പോയി കുഞ്ഞിനൊപ്പം സമയം ചിലവഴിക്കണം. ആദ്യ ദിവസമായതുകൊണ്ട് അവൻ ഭയപ്പെടാനോ ആശങ്കപ്പെടാനോ സാധ്യതയുണ്ട്," എന്നായിരുന്നു മാനേജരുടെ പ്രതികരണം.
ഈ സംഭവത്തെ സാധാരണ ഇന്ത്യൻ തൊഴിലിടങ്ങളിലെ മാനേജർമാരുടെ മനോഭാവവുമായി സൗരഭ് താരതമ്യം ചെയ്യുന്നുമുണ്ട്. "ഒരു ഇന്ത്യൻ മാനേജർക്ക് ഇത്തരത്തിൽ ചിന്തിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുമോ? ഇല്ലായിരിക്കാം. 'ശരി, നീ കുഞ്ഞിനെ സ്കൂളിലാക്കിയല്ലോ, ഇനി അവിടെ നിനക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ, നമുക്ക് ജോലി തുടരാം' എന്നായിരിക്കും ഭൂരിഭാഗം ഇന്ത്യൻ മാനേജർമാരും പറയുക," സൗരഭ് ചൂണ്ടിക്കാണിച്ചു. വിദേശി മാനേജർമാരും ഇന്ത്യൻ മാനേജർമാരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ജീവിതത്തിലെ ചില കാര്യങ്ങൾ ഓഫീസ് ജോലിയേക്കാൾ പ്രധാനമാണെന്ന് ഇന്ത്യൻ മാനേജർമാർ മനസ്സിലാക്കണമെന്നും സൗരഭ് കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്. "എനിക്കും ഒരു വിദേശി മാനേജർ ആണുള്ളത്, അതുകൊണ്ട് എനിക്ക് ഇത് പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കും. ഇത്തരം സഹാനുഭൂതി പല ഇന്ത്യൻ മാനേജർമാർക്കും മനസ്സിലാകാറില്ല," എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
"എന്റെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് എന്റെ മാനേജർ എന്നെ വിളിച്ച് ചോദിച്ചത് 'നീ എപ്പോഴാണ് ഓഫീസിൽ വരിക? ഇത്രയും ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ കഴിയില്ല' എന്നാണ് തന്നോട് ഒരു ഇന്ത്യൻ മാനേജർ പറഞ്ഞതെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. അഞ്ച് ദിവസം ഞാൻ ആശുപത്രിയിലിരുന്നാണ് ജോലി ചെയ്തത്. എന്നിട്ടും ടീം സ്റ്റാറ്റസ് ഗ്രീൻ ആണോ എന്ന് മാത്രമാണ് മാനേജർ നോക്കിയത്." അദ്ദേഹം പറയുന്നു.
"ഇന്ത്യയിൽ സ്വന്തം രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഗുരുതരമായ അസുഖം വരികയോ മരിക്കുകയോ ചെയ്താൽ മാത്രമേ ലീവ് അനുവദിക്കാറുള്ളൂ," എന്നായിരുന്നു മറ്റൊരു കമന്റ്.









0 comments