ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രെയ്‌ൻ; റഷ്യൻ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം

റഷ്യൻ എണ്ണ ശുദ്ധീകരണശാലയിൽ ഉക്രൈൻ നടത്തിയ ഡ്രോൺ ആക്രമണം |Photo:Reuters
കീവ് : റഷ്യയുടെ ഉറൽ മേഖലയിലെ ട്യൂമെൻ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമാക്കി ഉക്രെയ്‌ന്റെ ഡ്രോൺ ആക്രമണം. ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. റഷ്യയുടെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഉക്രെയ്‌ൻ നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണം.
ഡ്രോൺ പതിച്ചതിനെത്തുടർന്ന് അവശിഷ്ടങ്ങൾ വീണ സ്ഥലത്ത് രക്ഷാപ്രവർത്തകർ പരിശോധന നടത്തിവരികയാണെന്നും, പ്ലാന്റിന് കാര്യമായ നാശനഷ്ടങ്ങളില്ലെന്നും ജീവനക്കാരെ ഒഴിപ്പിച്ചതായും ട്യൂമെൻ ഗവർണർ അറിയിച്ചു. 3,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള പുതിയ ദീർഘദൂര ഡ്രോണുകൾ ഉക്രെയ്ൻ വികസിപ്പിച്ചതായി ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു.
റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ സംസ്കരണ ശാലകളിലൊന്നാണ് ട്യൂമെൻ. പ്രതിദിനം ഏകദേശം 1,51,000 ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ്, ആഭ്യന്തര വിപണിയിലേക്കുള്ള പ്രധാന ഇന്ധന വിതരണ കേന്ദ്രം കൂടിയാണ്.
കഴിഞ്ഞ മാസങ്ങളിലായി റഷ്യയുടെ എണ്ണ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഉക്രെയ്ൻ ശക്തമാക്കിയിരുന്നു. മോസ്കോയിലെ ശുദ്ധീകരണശാല ഈ ആഴ്ച രണ്ടുതവണ ആക്രമിക്കപ്പെട്ടു. ഇതോടെ റഷ്യയുടെ ക്രൂഡ് പ്രോസസ്സിംഗ് നിരക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്ന് എനർജി അസ്പെക്ട്സ് ലിമിറ്റഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. റഷ്യയുടെ പല തെക്കൻ മേഖലകളിലും ഇന്ധനക്ഷാമം രൂക്ഷമായതായും റിപ്പോർട്ടുണ്ട്.
ഉറൽ പർവതനിരകൾ വരെ നീളുന്ന റഷ്യയുടെ ഉൾപ്രദേശങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾ യുദ്ധത്തെ സാധാരണക്കാരുടെ ജീവിതത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ഉറൽ മേഖലയിലെ പല വിമാനത്താവളങ്ങളും ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് താൽക്കാലികമായി അടച്ചിരുന്നു. റഷ്യയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി പ്രാദേശിക അധികൃതരും സ്ഥിരീകരിച്ചു.
ഇതിനിടെ, അധിനിവേശ ക്രിമിയയിൽ നിന്ന് റഷ്യൻ സേനയ്ക്ക് സഹായമെത്തിക്കാൻ ഉപയോഗിക്കുന്ന ഹെനിചെസ്ക് കടലിടുക്കിലെ റോഡ് പാലം തകർത്തതായി ഉക്രെയ്ൻ ജനറൽ സ്റ്റാഫ് അറിയിച്ചു. ഇതിനു പുറമെ റഷ്യയുടെ പാൻസിർ-എസ് വ്യോമ പ്രതിരോധ സംവിധാനവും ഡ്രോൺ കമാൻഡ് പോസ്റ്റുകളും തകർത്തതായും ഉക്രെയ്ൻ വ്യക്തമാക്കി. റഷ്യയുടെ ബെൽഗൊറോഡ് മേഖലയിലും ഉക്രെയ്ൻ ആക്രമണം നടത്തി.
അതേസമയം, ഉക്രെയ്നിലെ സപോറിഷ്യ, സുമി, ഖാർകിവ് മേഖലകളിൽ റഷ്യൻ ആക്രമണം തുടരുന്നു. ഖാർകിവിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യ നടത്തിയ ഗൈഡഡ് ബോംബ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി റഷ്യ വിക്ഷേപിച്ച 99 ഡ്രോണുകളിൽ 92 എണ്ണം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഉക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. ഡൊനെറ്റ്സ്ക് മേഖലയിലെ കോസ്റ്റിയാന്റിനിവ്കയിൽ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.









0 comments