ad
Deshabhimani

കലഹം പ്രവര്‍ത്തന ഫണ്ടിലേക്കും

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

TMC power struggle
വെബ് ഡെസ്ക്

Published on Jun 21, 2026, 03:10 PM | 2 min read

കൊൽക്കത്ത: പാർട്ടിയിലെ വിമത എം എൽ എമാരുടെ പരാതിയെത്തുടർന്ന് തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് പ്രധാന ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ഏകദേശം 440 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടുകൾക്ക് എതിരായാണ് നടപടി.


നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനും അതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലഹത്തിനും പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ പ്രവര്‍ത്തന ഫണ്ടിലും വിഭാഗീയതയുടെ ഉടക്ക് വീണിരിക്കയാണ്.


ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് വിമതർ പരാതി നൽകിയത്. ഒരു സ്വകാര്യ ബാങ്കിലുള്ള ഈ അക്കൗണ്ടുകൾ നിലവിൽ 'ഡെബിറ്റ് ഫ്രീസ്' ചെയ്തിരിക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇതോടെ ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ മറ്റ് ഇടപാടുകൾ നടത്താനോ സാധിക്കില്ല. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് മാത്രം തടസ്സമില്ല.


അഴിമതി ആരോപണവുമായി വിമതർ


പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ക്യാമ്പിലെ 10 എംഎൽഎമാരാണ് അക്കൗണ്ടുകളിലെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. ഈ പണം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെയോ, പൊതുപണം വകമാറ്റിയോ, അഴിമതികളിലൂടെയോ സമ്പാദിച്ചതാണ്. കേസെടുത്ത് അന്വേഷണം നടത്തണം എന്നാണ് ഇവരുടെ ആവശ്യം. സ്വാധീനം ദുരുപയോഗം ചെയ്തും 'കട്ട് മണി' വഴിയും സമാഹരിച്ച പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ടാകാമെന്ന് പരാതിയിൽ ആരോപിക്കുന്നു.


അധികാര തർക്കം തെരുവിലേക്ക്


മുൻ മന്ത്രി അരൂപ് ബിശ്വാസും വിമത നേതാവ് ഋതബ്രത ബാനർജിയും തമ്മിൽ സാമ്പത്തിക-സംഘടനാ ചുമതലകളെച്ചൊല്ലി വലിയ തർക്കം നിലനിൽക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അരൂപ് ബിശ്വാസും ബാങ്കിന് കത്തുനൽകിയിരുന്നു. നേതൃത്വ തർക്കത്തിൽ തീരുമാനമാകും വരെ പാർട്ടി ഫണ്ടായ 500 കോടിയിലധികം രൂപ ആരും കൈകാര്യം ചെയ്യാതിരിക്കാൻ ഇടപാടുകൾ നിർത്തിവെക്കണം എന്നായിരുന്നു ബിശ്വാസിന്റെ ആവശ്യം. ഇതിൽ നിന്നും വ്യത്യസ്തമായി വിമത എംഎൽഎമാർ ഇതിനെ ഒരു ക്രിമിനൽ അന്വേഷണത്തിലേക്ക് എത്തിക്കുകയിരിക്കുന്നത്.


അതിനിടെ, അരൂപ് ബിശ്വാസിന് പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളിൽ സംസാരിക്കാൻ യാതൊരു അവകാശവുമില്ലെന്ന് മമത അനുകൂലിയായ കുനാൽ ഘോഷ് എംഎൽഎ പറഞ്ഞു. "അരൂപ് ബിശ്വാസ് മുൻപ് പാർട്ടിയുടെ ട്രഷറർ ആയിരുന്നു എന്നത് ശരിയാണ്. എന്നാൽ ജൂൺ 5-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. നിലവിൽ അദ്ദേഹമാണ് ചുമതലകൾ നിർവഹിക്കുന്നത്." എന്നാണ് വാദം.


അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അരൂപ് ബിശ്വാസിനെതിരെ നിലവിൽ ഇതേ പോലീസ് സ്റ്റേഷനിൽ അന്വേഷണം നടക്കുന്നുണ്ട്.


പാർട്ടി ഫണ്ടിന്റെ നിയന്ത്രണത്തെച്ചൊല്ലി ആരംഭിച്ച ആഭ്യന്തര തർക്കം ഇപ്പോൾ പോലീസ് അന്വേഷണത്തിലേക്കും ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളിലേക്കും വഴിമാറിയത് തൃണമൂൽ കോൺഗ്രസിന്റെ പ്രതിസന്ധി സങ്കീര്‍ണമാക്കുയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home