ഒടുവിൽ 'ടോക്സിക്' എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ റിലീസ് തീയതിയിൽ പ്രഖ്യാപിച്ചു. ഓണം റിലീസായെത്തുന്ന ചിത്രം ആഗസ്ത് 28 മുതൽ പ്രേഷകരിലേക്ക് എത്തും. ജൂൺ നാലിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പശ്ചിമേഷ്യൻ പ്രതിസന്ധികളെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. നിർമാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെവിഎൻ പ്രൊഡക്ഷൻസും പുതുക്കിയ റിലീസ് തിയതി സ്ഥിരീകരിച്ചു.
കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച സിനിമയിൽ 'രായ' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. ഭയാനകവും അക്രമാസക്തവുമായ ദൃശ്യാനുഭവങ്ങൾ ഉൾക്കൊള്ളുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് പിന്നിൽ മികച്ച സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്.
ദേശീയ അവാർഡ് ജേതാക്കളായ രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിൽ ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറി, അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. വെങ്കട്ട് കെ നാരായണനും യഷും ചേർന്ന് നിർമിക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് പതിപ്പുകൾക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മൊഴിമാറ്റി തിയറ്ററുകളിലെത്തും.









0 comments