യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം; ഫ്രാൻസിൽ മദ്യപാനത്തിന് നിയന്ത്രണം, സ്പെയിനിൽ ഫാൻ സോൺ അടച്ചു

Photo:Screengrab Reuters
പാരീസ് : യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഉഷ്ണതരംഗം ജനജീവിതത്തെ സാരമായി ബാധിച്ചു. താപനില റെക്കോഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ഫ്രാൻസിൽ മദ്യപാനത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. ജർമ്മനിയിൽ ഉടനീളം മുന്നറിയിപ്പുകൾ നൽകുകയും സ്പെയിനിൽ ഫുട്ബോൾ ഫാൻ സോൺ അടയ്ക്കുകയും ചെയ്തു.
ഫ്രാൻസിലെ 96 ഡിപ്പാർട്ട്‌മെന്റുകളിൽ 35 എണ്ണത്തിലും ഞായറാഴ്ച 'റെഡ് ഹീറ്റ്‌വേവ്' അലർട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ മേഖല മുതൽ പാരീസ് വഴിയുള്ള ബർഗണ്ടി വരെയുള്ള സ്ഥലങ്ങളിൽ 39 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കണക്കാക്കുന്നത്. ചിലയിടങ്ങളിൽ ഇത് 41 ഡിഗ്രി വരെ എത്താൻ സാധ്യതയുണ്ട്. പാരീസിലെ ഫെറ്റ് ഡി ലാ മ്യൂസിക് ഫെസ്റ്റിവലിലും മറ്റ് പൊതുപരിപാടികളിലും മദ്യപാനം കർശനമായി നിരോധിച്ചു. അതേസമയം, പാരീസിലെ പാർക്കുകൾ മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കാൻ അധികൃതർ ഉത്തരവിട്ടു.
ജർമ്മനിയിൽ മിക്കയിടത്തും താപനില 38 ഡിഗ്രി സെൽഷ്യസിലേക്ക് അടുത്തു. കടുത്ത ചൂടിനൊപ്പം ഈർപ്പമുള്ള അന്തരീക്ഷം ശക്തമായ ഇടിമിന്നലിനും കാരണമാകുമെന്ന് ഡിഡബ്ല്യുഡി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇറ്റലിയിൽ താപനില 36-37 ഡിഗ്രി വരെ ഉയർന്നു.
സ്പെയിനിൽ മാഡ്രിഡിലെ പ്ലാസ ഡി കോളൻ സ്ക്വയറിൽ സജ്ജീകരിച്ചിരുന്ന ഫുട്ബോൾ ഫാൻ സോൺ ഫുട്ബോൾ ഫെഡറേഷൻ അടച്ചു. ഇതോടെ സൗദി അറേബ്യക്കെതിരായ സ്പെയിനിന്റെ ലോകകപ്പ് മത്സരം കാണാൻ ആരാധകർ മറ്റ് വഴികൾ കണ്ടെത്തേണ്ടി വരും. എന്നാൽ, മത്സരം നടക്കുന്ന അറ്റ്ലാന്റയിലെ സ്റ്റേഡിയം എയർകണ്ടീഷൻ ചെയ്തതാണ് എന്നത് ശ്രദ്ധേയമാണ്.
ചൂട് വർധിക്കുന്നത് ഉൽപ്പാദനക്ഷമതയെ ബാധിക്കുമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ബാങ്ക് ഓഫ് ഫ്രാൻസ് ഗവർണർ ഇമ്മാനുവൽ മൗലിൻ പറഞ്ഞു. ഇത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്കും സാമ്പത്തിക തകർച്ചയ്ക്കും കാരണമായേക്കാം.










0 comments