ad
Deshabhimani

നീറ്റ് പുനഃപരീക്ഷയ്ക്ക് മുമ്പ് വീണ്ടും ആത്മഹത്യ; ഹൈദരാബാദിൽ വിദ്യാർഥി ജീവനൊടുക്കി

Sheikh Sana_neet re exam_suicide
വെബ് ഡെസ്ക്

Published on Jun 21, 2026, 01:02 PM | 1 min read

ഹൈദരാബാദ്: നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മുമ്പ് വീണ്ടും വിദ്യാർഥി ആത്മഹത്യ. ഹൈദരാബാദ് സ്വദേശി ഷെയ്ഖ് സന(19)യെയാണ് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥി നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താൻ സ്വയം ജീവിതം അവസാനിപ്പിക്കുകയാണെന്നും സന കുറിപ്പിൽ എഴുതിയിരുന്നു.


സനയുടെ മാതാപിതാക്കൾ കുവൈത്തിലാണ്. ഹൈദരാബാദിലെ മിയാപൂരിലുള്ള അപ്പാർട്ട്മെന്റിൽ രണ്ട് ഇളയ സഹോദരങ്ങൾക്കൊപ്പമായിരുന്നു സന താമസിച്ചിരുന്നത്. സമീപത്ത് താമസിക്കുന്ന അമ്മായിയുടെ സംരക്ഷണയിലാണ് കുട്ടികൾ. ശനിയാഴ്ച രാവിലെ സഹോദരങ്ങൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം സന പരീക്ഷയ്ക്ക് പഠിക്കാനായി മുറിയിൽ കയറി വാതിലടച്ചു. ഉച്ചഭക്ഷണത്തിനായി സഹോദരങ്ങൾ വിളിച്ചപ്പോൾ വാതിൽ തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അക്കാദമിക് സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കരുതുന്നു.


ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3ന് നടന്ന ആദ്യ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്നുള്ള നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെയാണ് സംഭവം. പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു സന. ഒരു വർഷമായി നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. രാജ്യത്തുടനീളം നീറ്റ് പരീക്ഷാ സമ്മർദ്ദം മൂലം നിരവധി ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ആത്മഹത്യയാണിത്.


മെയിൽ നീറ്റ് പരീക്ഷ റദ്ദാക്കിയതിന് ശേഷം ഇതുവരെ 12 വിദ്യാർഥികൾ ജീവനൊടുക്കിയതായാണ് കണക്ക്. പരീക്ഷാ നടത്തിപ്പിൽ കേന്ദ്ര ഏജൻസിക്കുണ്ടായ വീഴ്ചയിൽ രാജ്യ വ്യാപകമായി പ്രധിഷേധം ഉയർന്നു. വിവിധ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർടികളും ശക്തമായ വിമർശനം ഉന്നയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർടി ഡൽഹിയിൽ നടത്തുന്ന പ്രതിഷേധം പുരോഗമിക്കുകയാണ്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number:1056, 0471-2552056)






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home