ad
Deshabhimani

ഹോര്‍മുസിൽ വീണ്ടും അനിശ്ചിതത്വം

സമാധാന കരാറിന് ഇസ്രയേലിന്റെ തിരിച്ചടി, ടെഹ്റാനിലും സ്വിറ്റ്സർലൻഡിലും തിരക്കിട്ട ചര്‍ച്ചകൾ

US ATTACK ON  IRAN
വെബ് ഡെസ്ക്

Published on Jun 21, 2026, 11:08 AM | 2 min read

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ ഒപ്പിട്ട ഇടക്കാല സമാധാനക്കരാറിന് തൊട്ടുപിന്നാലെ മേഖലയിൽ നാടകീയ നീക്കങ്ങൾ. ലബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തങ്ങൾ അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. 60 ദിവസത്തിനകം അന്തിമ കരാറിലെത്തിയില്ലെങ്കിൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് അമേരിക്ക 'ടോൾ' ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കരാറിൽ റോൾ നഷ്ടപ്പെട്ട ഇസ്രയേൽ മധ്യസ്ഥ തീരുമാനങ്ങളെ പിളര്‍ത്തി ലെബനനിൽ ആക്രമണം തുടരുകയാണ്. മാത്രമല്ല ഇതിന് സമാന്തരമായി ഗാസയിലും സൈനിക ആക്രമണങ്ങൾ സജീവമാക്കിയ സാഹചര്യമാണ്.


മേഖല കടുത്ത നയതന്ത്ര യുദ്ധത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ കരാറിന്റെ മുഖ്യ മധ്യസ്ഥരായ പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി അപ്രതീക്ഷിതമായി ശനിയാഴ്ച ഇറാനിലെത്തി.


തർക്കങ്ങൾ നിലനിൽക്കുമ്പോഴും കരാറിന്റെ ബാക്കി വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവർ യുഎസ് സംഘത്തിലുണ്ട്. ഇറാന്റെ ഭാഗത്ത് നിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കുന്ന ഈ ചര്‍ച്ചകൾ ദിവസങ്ങൾ നീണ്ടുനിൽക്കും എന്നാണ് കരുതുന്നത്. പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഇറാനിൽ എത്തിയതും ഇതിന്റെ ഭാഗമായുള്ള നയതന്ത്ര നീക്കമായി വിലയിരുത്തപ്പെടുന്നു.


ഹോർമൂസ് അടച്ചെന്ന് ഇറാൻ; നിഷേധിച്ച് യുഎസും


ലബനനിലെ ഇസ്രയേൽ ആക്രമണം തടയുന്നതിൽ അമേരിക്ക പരാജയപ്പെട്ടത് കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചത്. ലബനനിലെ ആക്രമണം അവസാനിപ്പിക്കാതെ സ്വിറ്റ്സർലൻഡ് ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കുകയും ചെയ്തു.


എന്നാൽ ഇറാൻ കപ്പൽപ്പാത അടച്ചെന്ന വാദം അമേരിക്ക പൂർണ്ണമായും തള്ളി. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കയ്യിലല്ലെന്നും കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. സമാധാനം തകരാൻ തങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, കടലിടുക്ക് അടച്ചതിന് യാതൊരു തെളിവുമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.


ട്രംപിന്റെ 'ഗാർഡിയൻ എയ്ഞ്ചൽ' ടോൾ


ഇടക്കാല കരാർ പ്രകാരം 60 ദിവസത്തേക്ക് ഹോർമൂസ് കടലിടുക്കിലൂടെ സൗജന്യമായി കപ്പലുകൾക്ക് കടന്നുപോകാം. എന്നാൽ 60 ദിവസത്തിനകം അന്തിമ കരാർ ഒപ്പിട്ടില്ലെങ്കിൽ അമേരിക്ക ഈ പാതയിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തും. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കാവൽ മാലാഖ പദവി സ്വയം അവകാശപ്പെട്ട ട്രംപ്, അമേരിക്ക നൽകുന്ന സേവനങ്ങൾക്കും മുൻകാലങ്ങളിലെ ചെലവുകൾക്കുമുള്ള പ്രതിഫലമായി ഹോര്‍മുസിലെ ടോൾ തുക ഉപയോഗിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.


സ്വിറ്റ്സർലൻഡിൽ ഞായറാഴ്ച ആരംഭിക്കുന്ന സാങ്കേതികതല ചർച്ചകളിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആസിം മുനീറും നേരിട്ട് പങ്കെടുക്കുമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home