ad
Deshabhimani

തൃപ്രയാർ കുഴൽപ്പണക്കവർച്ച; ഒരാൾ പിടിയിൽ

triprayar robbery case

അക്രമികൾ സഞ്ചരിച്ചിരുന്ന കാർ

വെബ് ഡെസ്ക്

Published on Jun 21, 2026, 10:46 AM | 1 min read

പാലക്കാട്: തൃപ്രയാറിൽ കാർ യാത്രക്കാരായ നാലംഗ സംഘത്തെ ആക്രമിച്ച് 16 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ പിടിയിലായി. കയ്പമംഗലം സ്വദേശി ശർമയാണ് പിടിയിലായത്. എട്ടംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നും കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇന്ത്യൻ രൂപ ഓൺലൈൻ ട്രേഡിങ്ങിലൂടെ ഡോളറാക്കി മാറ്റി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് ശർമ ഉൾപ്പെടുന്ന സംഘം പട്ടാമ്പി സ്വദേശികളെ തൃപ്രയാറിലെത്തിച്ചത്.


വെള്ളിയാഴ്ച രാത്രി 8.45 ഓടെ തൃപ്രയാർ കിഴക്കേ നടയിൽ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന്‌ സമീപമായിരുന്നു കവർച്ച. പട്ടാമ്പിയിലെ കോൺഗ്രസ് പഞ്ചായത്ത് അംഗം മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ 16 ലക്ഷം രൂപ ഡോളർ ആക്കി മാറ്റാൻ വന്ന പാലക്കാട് സ്വദേശികളായ നാലുപേരാണ് ആക്രമണത്തിനിരയായത്. ഇത് കുഴൽപണ ഇടപാടായിരുന്നുവെന്നാണ് വിവരം. ഇന്നോവ കാറിലെത്തിയ സംഘം യാത്രികർക്ക് നേരെ മുളകുപൊടി സ്പ്രേ ചെയ്തു. ശേഷം, കാറിന്റെ ചില്ല് തകർത്ത് കത്തികാട്ടിയാണ് പണം കവർന്നത്. ചില്ല് തകർക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.


പ്രതികൾ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂക്കോട്ടൂർ ക്ഷേത്ര പരിസരത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കാറിൽ ഫോറൻസിക് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണത്തിൽ ഇത് അഴീക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള, വാടകയ്‌ക്കെടുത്ത വാഹനമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


ആക്രമണത്തിന് ഇരയായ നാലുപേരുടെയും മൊഴി അന്തിക്കാട് പൊലീസ് രേഖപ്പെടുത്തി. വാഹനക്കച്ചവടവുമായി ബന്ധപ്പെട്ട് തങ്ങളെ വിളിച്ചുവരുത്തിയതാണെന്നാണ് ഇവർ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home