ad
Deshabhimani

ഞങ്ങൾ ഞങ്ങളെത്തന്നെ തോൽപ്പിച്ചു'; ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പാക് വനിതാ ടീമിനെതിരെ മെന്റർ വഹാബ് റിയാസ്

PAKISTHAN WOMENS TEAM

Photo Credit:ICC

വെബ് ഡെസ്ക്

Published on Jun 21, 2026, 10:36 AM | 2 min read

സതാംപ്ടൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനോട് 23 റൺസിന് പരാജയപ്പെട്ട് പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. സതാംപ്ടണിൽ നടന്ന മത്സരത്തിൽ ജയിക്കാൻ 124 റൺസ് എന്ന ചെറിയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ ഒരു ഘട്ടത്തിൽ ശക്തമായ നിലയിലായിരുന്നു.


എന്നാൽ പിന്നീട് തകർന്നടിഞ്ഞ പാക് നിരയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുക്കാനേ സാധിച്ചുള്ളൂ. പാകിസ്ഥാൻ തങ്ങളെത്തന്നെയാണ് തോൽപ്പിച്ചതെന്നും വിജയത്തിന്റെ പൂർണ്ണ ക്രെഡിറ്റ് സമ്മർദ്ദഘട്ടത്തിലും ശാന്തത പാലിച്ച ബംഗ്ലാദേശിനാണെന്നും പാക് വനിതാ ടീം മെന്റർ വഹാബ് റിയാസ് മത്സരശേഷം വ്യക്തമാക്കി.


മത്സരത്തിൽ 10 ഓവർ പിന്നിടുമ്പോൾ പാകിസ്ഥാൻ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ മികച്ച നിലയിലായിരുന്നു. അപ്പോൾ പാകിസ്ഥാന്റെ വിജയസാധ്യത 90 ശതമാനമായിട്ടാണ് വിൻ പ്രെഡിക്റ്ററുകൾ വിലയിരുത്തിയത്. ജയിക്കാൻ ഓവറിൽ ആറ് റൺസ് മാത്രം മതിയായിരുന്ന സാഹചര്യത്തിൽ നിന്നാണ് പാകിസ്ഥാൻ കളി കൈവിട്ടത്.


അവസാന 10 ഓവറിൽ വെറും 36 റൺസ് മാത്രമാണ് ടീമിന് നേടാനായത്. എട്ടാം ഓവറിന് ശേഷം ഒരു ബൗണ്ടറി പോലും നേടാൻ പാക് ബാറ്റർമാർക്ക് കഴിഞ്ഞില്ല. ബംഗ്ലാദേശിന്റെ ഇടംകൈയ്യൻ സ്പിൻ സഖ്യമായ നഹീദ അക്തർ (3/18), സഞ്ജീദ അക്തർ മേഘ്‌ല (3/21) എന്നിവരാണ് പാകിസ്ഥാനെ വീഴ്ത്തിയത്. നഹീദ അക്തറാണ് കളിയിലെ താരം.


പിച്ചിൽ ബൗളർമാർക്ക് അനുകൂലമായി വലിയ ടേണോ ഗ്രിപ്പോ ഇല്ലായിരുന്നിട്ടും പാക് ബാറ്റർമാർ മോശം ഷോട്ട് സെലക്ഷനിലൂടെ വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നുവെന്ന് വഹാബ് റിയാസ് കുറ്റപ്പെടുത്തി.


ഈ ലോകകപ്പ് കാമ്പെയ്‌നിലുടനീളം പാകിസ്ഥാന്റെ തുടർച്ചയായ ബാറ്റിംഗ് തകർച്ച വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് വഹാബ് റിയാസ് ചൂണ്ടിക്കാണിച്ചു. ഇന്ത്യയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ അവസാന 7 വിക്കറ്റുകൾ 31 റൺസിനിടയിലാണ് പാകിസ്ഥാന് നഷ്ടമായത്.


ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 50 റൺസിന് 8 വിക്കറ്റ് എന്ന നിലയിൽ തകർന്ന അവരെ ഫാത്തിമ സനയുടെയും തൂബ ഹസ്സന്റെയും പോരാട്ടമാണ് രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയാകട്ടെ വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസ് എന്ന നിലയിൽ നിന്ന് 84 റൺസിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് അവർ തകർന്നടിഞ്ഞു.


അവസാന 6 വിക്കറ്റുകൾ വെറും 14 റൺസിനിടയിലാണ് പൊഴിഞ്ഞത്. കഴിഞ്ഞ നാലഞ്ച് മാസമായി തങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും മത്സരത്തിലേക്ക് വരുമ്പോൾ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കാൻ സാധിക്കാത്തതിൽ വഹാബ് നിരാശ പ്രകടിപ്പിച്ചു.


സീനിയർ താരങ്ങൾ സാഹചര്യങ്ങൾ മനസ്സിലാക്കി കൂടുതൽ വിവേകത്തോടെ ബാറ്റ് ചെയ്ത് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, ക്യാപ്റ്റൻ ഫാത്തിമ സന എല്ലാ മത്സരത്തിലും ടീമിനെ രക്ഷിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ഓസ്‌ട്രേലിയയ്ക്കും നെതർലൻഡ്‌സിനുമെതിരെയാണ് പാകിസ്ഥാന്റെ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home