print edition മെക്സിക്കൻ ഗോൾമഴ

ലോകകപ്പ് ഫുട്ബോളിൽ ഇക്വഡോറിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ എത്തിയ ആതിഥേയരായ മെക്--സിക്കോ താരങ്ങൾ മെെതാനത്ത് സന്തോഷച്ചുവടുകൾ വച്ചപ്പോൾ
മെക്‌സിക്കോ സിറ്റി: കളി തുടങ്ങും മുമ്പ് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു അസ്‌റ്റെക സ്‌റ്റേഡിയത്തിൽ. ആകാശം തെളിഞ്ഞതോടെ മെക്‌സിക്കൻ മിന്നലിൽ ഇക്വഡോർ കരിഞ്ഞു. ആദ്യപകുതിയിൽ നേടിയ ഇരട്ടഗോളിന്റെ കരുത്തിൽ ആതിഥേയർ പ്രീക്വാർട്ടറിലേക്ക് കുതിച്ചു.
40 വർഷത്തിന് ശേഷം നോക്കൗട്ടിലെ ആദ്യവിജയം. 1990ന് ശേഷം ആദ്യമായാണ് ലോകകപ്പിൽ ഒരു ടീം തുടർച്ചയായി നാല് കളിയിൽ ഗോൾ വഴങ്ങാതിരിക്കുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഒരു മണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്. 80,000 കാണികൾക്ക് മുന്നിൽ മെക്‌സിക്കോ തിരമാലകളായി ആഞ്ഞടിച്ചു. പത്ത് മിനിറ്റിനുള്ളിൽ നാല് അവസരങ്ങളാണ് സൃഷ്‌ടിച്ചത്. ആദ്യഗോളിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. 22–ാം മിനിറ്റിൽ ജൂലിയൻ ക്വിനോനസിലൂടെ ആദ്യഗോൾ.
റോബർട്ടോ അൽവാരാഡോ നൽകിയ ലോങ് പാസ് സ്വീകരിച്ച് കുതിച്ച ക്വിനോനസ് ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് പ്രതിരോധക്കാരെയും ഗോളി ഹെർണൻ ഗലീൻഡാസിനെയും മറികടന്ന് വലയിലേക്ക്. ഇൗ ലോകകപ്പിൽ ക്വിനോനസിന്റെ മൂന്നാം ഗോൾ.
പത്ത് മിനിറ്റിനുള്ളിൽ രണ്ടാം ഗോൾ വന്നു. ക്വിനോനസിന്റെ പാസ് ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് സ്വീകരിച്ച് റൗൾ ഹിമിനെസ് തൊടുത്ത ഷോട്ട് ഗോളിയെ മറികടന്നു. ഇടവേളയ്‌ക്ക് ശേഷം ഇക്വഡോർ പരിശീലകൻ സെബാസ്റ്റ്യൻ ബെക്കാസീഷ് പകരക്കാരെ ഇറക്കി കളം പിടിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല.
കളിയുടെ അവസാന നിമിഷം വായ പൊത്തി സംസാരിച്ചതിന് ഇക്വഡോർ താരം പിയറോ ഹിൻകാപ്പിയ്‌ക്ക് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ തോൽവി സമ്പൂർണമായി.











0 comments