print edition ഫ്രഞ്ചാധിപത്യം

സ്വീഡനെതിരെ ഇരട്ടഗോൾ നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ
ന്യൂജേഴ്‌സി: ദയാരഹിതമായ ആക്രമണത്തോടെ ഫ്രാൻസിന്റെ പടയോട്ടം. മുന്നിൽ കാണുന്നതെല്ലാം തച്ചുതകർത്ത് കിലിയൻ എംബാപ്പെയും സംഘവും ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. നോക്കൗട്ടിൽ സ്വീഡനെ മൂന്ന് ഗോളിനാണ് നിലംപരിശാക്കിയത്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ അവർ ചാരമായി. യുവതാരം ബ്രാഡ്‌ലി ബർകോളയും ലക്ഷ്യംകണ്ടു.
ജർമനിയെ തുരത്തിയ പരാഗ്വായ് ആണ് പ്രീ ക്വാർട്ടറിലെ എതിരാളി.
ആദ്യ 45 മിനിറ്റിൽ സ്വീഡന് ശ്വാസംവിടാൻ പറ്റിയില്ല. എംബാപ്പെ, മൈക്കേൽ ഒലീസെ, ഉസ്‌മാൻ ഡെംബെലെ, ബാർക്കോള, അഡ്രിയാൻ റാബിയറ്റ്... അങ്ങനെ ഏതൊക്കെ വഴിയിൽനിന്നാണ് ആക്രമണം വരുന്നതെന്ന് സ്വീഡിഷുകാർക്ക് മനസ്സിലായതുപോലുമില്ല.
എംബാപ്പെയുടെ ഗോൾ തുടക്കത്തിൽ ഓഫ് സൈഡായി. മറ്റൊന്ന് പോസ്‌റ്റിൽ തട്ടിത്തെറിച്ചു. ഒലീസെയുടെ ബൈസിക്കിൾ കിക്കും പോസ്‌റ്റിൽ തട്ടി മടങ്ങി. ഗോൾകീപ്പർ വിദെൽ സാറ്റെർസ്‌ട്രോം ഒരെണ്ണം തട്ടിയകറ്റി. റാബിയട്ടിനെയും സ്വീഡിഷ് ഗോളി തടഞ്ഞു. ഡെംബെലെയുടെ ലോങ് റേഞ്ചർ പോസ്‌റ്റിന് തൊട്ടുരുമ്മി കടന്നുപോയി. സ്വീഡിഷ് പ്രതിരോധത്തിന് ഭയന്നൊളിക്കാൻ പോലും ഇടമുണ്ടായില്ല.
ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾശേഷിക്കെ എംബാപ്പെയുടെ വെടിയുണ്ട പതിച്ചു. ഇടതുവശത്ത് അതിവേഗത്തിലുള്ള നീക്കത്തിനൊടുവിൽ ഫ്രഞ്ച് നായകൻ ബോക്‌സിലേക്ക്. ഡെംബെലെ പന്ത് നൽകുന്നു. പിന്നെ കണ്ടത് ലോകകപ്പിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളിലൊന്ന്.
വലതുകാൽ കൊണ്ട് പന്തൊന്ന് തഴുകി, ചാട്ടുളിവേഗത്തിൽ സ്വീഡിഷ് പ്രതിരോധക്കൂട്ടത്തിൽ. വലംകാൽ അതിവേഗം ചലിച്ചു. പ്രതിരോധത്തിന് ഇടയിലൂടെ പന്ത് വലയുടെ വലതുമൂലയിൽ അമർന്നു. ഓടിയെത്തി പരിശീലകൻ ദിദിയർ ദെഷാമിനെ പുണർന്നു. അമ്മ മരിച്ചതിനാൽ നാട്ടിലായിരുന്നു ദെഷാം. തിരിച്ചെത്തിയശേഷമുള്ള ആദ്യ കളിയായിരുന്നു.
ഇടവേളയ്‌ക്കുശേഷം ഒലീസെയുടെ കാച്ചികുറുക്കിയ പാസുകൾ സ്വീഡിഷ് വിടവുകളിലൂടെ നിരന്തരം പ്രവഹിച്ചു. ഫ്രാൻസിന്റെ അപകട നീക്കങ്ങളുടെ തുരുത്തായി മാറി ഒലീസെ. പല തവണ ഗോളിനടുത്തെത്തി. ഇതിനിടെ ബർകോളയ്‌ക്ക് അവസരമൊരുക്കി. പിന്നാലെ എംബാപ്പെയ്‌ക്കും. ലോകകപ്പിൽ ഫ്രഞ്ച് ക്യാപ്‌റ്റന്റെ ആറാംഗോൾ.
മറുവശത്ത്, വിക്ടർ യോക്കെറിസിന്റെ ഷോട്ട് -്രഫഞ്ച് ഗോൾ കീപ്പർ മൈക്ക് മയ്‌ന്യാൻ തടഞ്ഞു. ലോകകപ്പിൽ ഫ്രാൻസിന്റെ മാസ്‌റ്റർ ക്ലാസ് പ്രകടനമാണ് ഇതുവരെ. തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിടുന്ന നിര ഇക്കുറി കൂടുതൽ അപകടകാരികളായി മാറി. ഒലീസെ–എംബാപ്പെ–ഡെംബെലെ–ബാർക്കോള സഖ്യം ഏത് പ്രതിരോധത്തിനും ഭീഷണിയാണ്. 13 ഗോളാണ് നാല് കളിയിൽ അടിച്ചുകൂട്ടിയത്. സ്വീഡനെതിരെ 25 ഷോട്ടുകളാണ് തൊടുത്തത്. അതിൽ 13ഉം ലക്ഷ്യത്തിലേക്ക്.
അഞ്ചിന് പുലർച്ചെ 2.30ന് പരാഗ്വായ്----ക്കെതിരെയാണ് പ്രീ ക്വാർട്ടർ പോരാട്ടം.











0 comments