ad
Deshabhimani

print edition നോർവെയ്‌ക്ക്‌ ഇംഗ്ലീഷ്‌ 
ക്ലാസ്‌

England team

Photo: Facebook

വെബ് ഡെസ്ക്

Published on Jul 13, 2026, 12:01 AM | 2 min read

മയാമി: പിന്നിട്ടുനിന്നിട്ടും ഇംഗ്ലണ്ട്‌ വീണില്ല. മയാമിയിലെ കനത്ത ചൂടിലും വാടിയില്ല. നോർവെയുടെ വിസ്‌മയ കുതിപ്പിന്‌ 2–1ന്‌ തടയിട്ട്‌ ഇംഗ്ലണ്ട്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ സെമിയിലേക്ക്‌ മുന്നേറി. നിലവിലെ ജേതാക്കളായ അർജന്റീനയുമായാണ്‌ സെമിപ്പോര്‌. ജയിച്ചാൽ 1966നുശേഷം ആദ്യമായി ഫൈനൽ. നോർവെയുടെ മുഴക്കം അവസാനിപ്പിക്കാൻ അധികസമയക്കളി വേണ്ടിവന്നു ഇംഗ്ലണ്ടിന്‌. ജൂഡ്‌ ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളിലാണ്‌ ജയംപിടിച്ചത്‌. നോർവെ ചെറുത്തുനിൽപ്പ്‌ നടത്തി. ആൻഡ്രിയാസ്‌ ഷെയ്‌ൽഡെറുപ്‌ നേടിയ മിന്നുന്ന ഗോളിൽ അവർ ലീഡ്‌ നേടിയതാണ്‌. ഒരു തവണ ലക്ഷ്യം കണ്ടെങ്കിലും --ഫ‍ൗൾ കാരണം അത്‌ പിൻവലിക്കുകയായിരുന്നു. അഞ്ച്‌ തവണ ജേതാക്കളായ ബ്രസീലിനെ ഉൾപ്പെടെ തകർത്തുമുന്നേറിയ നോർവെ കൈയടികളാേടെയാണ്‌ കളംവിടുന്നത്‌. ഏഴ്‌ ഗോളുമായി എർലിങ്‌ ഹാലണ്ട്‌ നോർവെ ഫുട്‌ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായവും എഴുതി.


ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയെ ചിതറിച്ചുകൊണ്ടാണ്‌ നോർവെ തുടങ്ങിയത്‌. അരമണിക്കൂർ തികഞ്ഞ ഉടനെയായിരുന്നു ഷെയ്‌ൽഡെറുപ്‌ ഇടതുവശത്തുനിന്ന്‌ തൊടുത്ത ഷോട്ട്‌ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ നിഷ്‌പ്രഭനാക്കി വലയിൽ കുരുങ്ങിയത്‌. ഇംഗ്ലീഷുകാർ ഒന്ന്‌ പതറിയെങ്കിലും വിട്ടുകൊടുത്തില്ല. ആദ്യപകുതി അവസാനിക്കുന്നതിന്‌ നിമിഷങ്ങൾശേഷിക്കെ ആന്തണി ഗോർഡന്റെ പാസ്‌ കൃത്യമായി പിടിച്ചെടുത്ത്‌ ബെല്ലിങ്‌ഹാം തൊടുത്തു. പ്രതിരോധക്കൂട്ടത്തിനിടയിൽനിന്ന്‌ പായിച്ച ഉശിരൻ ഷോട്ടിനെ തടയാൻ ഗോൾകീപ്പർ ഒർയാൻ നയ്‌ലൻഡിന്‌ കഴിഞ്ഞില്ല.


ഇടവേളയ്‌ക്കുശേഷം ഇംഗ്ലീഷ്‌ പരിശീലകൻ തോമസ്‌ ടുഷെൽ രണ്ട്‌ മാറ്റങ്ങൾ വരുത്തി. അസുഖവും പരിക്കും വലച്ച ഡെക്ലൻ റൈസിനെയും നോനി മധുവെക്കെയെയും പിൻവലിച്ചു. പകരം എബറെചി എസെയും ബുകായോ സാക്കയും ഇറങ്ങി. ഇംഗ്ലണ്ടിന്റെ കളി വേഗത്തിലായി. പക്ഷേ, കളിഗതിക്കെതിരായി നോർവെ ലക്ഷ്യം കണ്ടു. കോർണർ കിക്കിൽനിന്ന്‌ ടോർബ്യോൺ ഹെഗ്ഗെം വല കുലുക്കി. പക്ഷേ, ഗോൾ അനുവദിച്ചില്ല. കിക്കിന്‌ മുന്പ്‌ എല്ലിയട്ട്‌ ആൻഡേഴ്‌സണെ ഹാലണ്ട്‌ തള്ളിയിട്ടെന്ന്‌ ‘വാർ’ പരിശോധയിൽ തെളിഞ്ഞു. പിന്നാലെ ഡേവിഡ്‌ മോളെർ വോ-ൾഫിന്റെ ക്രോസ്‌ ബാറിൽ തട്ടിത്തെറിച്ചു.


കളി അധികസമയത്തേക്ക്‌ നീണ്ടു. നോർവെ ഹാലണ്ടിനെ പിൻവലിച്ചു. കളിയിൽ വലിയ സ്വാധീനമുണ്ടാക്കാൻ മാഞ്ചസ്‌റ്റർ സിറ്റി മുന്നേറ്റക്കാരന്‌ കഴിഞ്ഞില്ല. അധികസമയം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ഇംഗ്ലണ്ട്‌ ലീഡ്‌ നേടി. പകരക്കാരൻ മോർഗർ റോജേഴ്‌സിന്റെ ലോങ്‌ റേഞ്ച്‌ ഷോട്ട്‌ നയ്‌ലൻഡ്‌ കുത്തിയകറ്റി. പന്ത്‌ കിട്ടിയ ബെല്ലിങ്‌ഹാമിന്റെ കാലിൽ. നയ്‌ലൻഡിന്‌ ആ മിന്നൽനീക്കത്തിന്‌ മുന്നിൽ ഒന്നും ചെയ്യാനുണ്ടായില്ല. കളിയുടെ അവസാന ഘട്ടത്തിൽ ഇംഗ്ലണ്ട്‌ മൂന്നാംഗോളിന്‌ അരികയെത്തി. ഓസ്‌കാർ ബോബുമായുള്ള നീക്കത്തിനൊടുവിൽ ദെയ്‌ദ്‌ സ്‌പെൻസ്‌ ബോക്‌സിൽ വീണു. റഫറി പെനൽറ്റിക്ക്‌ വിസിലൂതി. എന്നാൽ ‘വാർ’ പരിശോധനയിൽ ഫ‍ൗൾ നടന്നില്ലെന്ന്‌ വ്യക്തമായി. പെനൽറ്റി പിൻവലിച്ചു. 2018ലായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന സെമി. ക്രൊയേഷ്യയോട്‌ തോറ്റാണ്‌ മടങ്ങിയത്‌. കഴിഞ്ഞ തവണ ക്വാർട്ടറിൽ തോറ്റു.


ഇ‍ൗ കളി പോരെന്ന്‌ 
ടുഷെൽ


മയാമി : സെമിയിൽ കടന്നിട്ടും ഇംഗ്ലണ്ട്‌ കോച്ച്‌ തോമസ്‌ ടുഷെലിന്‌ അത്ര സന്തോഷമില്ല. ഇ‍ൗ കളി പോരെന്നാണ്‌ ജർമൻകാരന്റെ പക്ഷം. ‘ഇന്ന്‌ ഭാഗ്യം തുണച്ചു. മത്സരഫലം നന്നായിവന്നു. എന്നാൽ ടീമിന്റെ പ്രകടനത്തിൽ തൃപ്തനല്ല. കുറേ പിഴവുകളുണ്ടായി. ശൈലിക്കനുസരിച്ച്‌ കളിക്കാനും കഴിഞ്ഞില്ല’–അമ്പത്തിരണ്ടുകാരൻ പറഞ്ഞു. പരിശീലകന്‌ അങ്ങനെയൊക്കെ പറയാമെന്നും കളത്തിലെ സാഹചര്യം അദ്ദേഹത്തിന്‌ മനസ്സിലായിക്കാണില്ലെന്നും ഇംഗ്ലീഷ്‌ താരം ജൂഡ്‌ ബെല്ലിങ്‌ഹാം വ്യക്തമാക്കി. മികച്ച ടീമിനെതിരെയാണ്‌ കളിച്ചതെന്നും അപ്പോൾ ചിലസമയം ശൈലികൾ മാറുമെന്നും ഇരുപത്തിമൂന്നുകാരൻ തുറന്നടിച്ചു.


636 ദിവസം, 
No ഹണ്ട്‌


മയാമി : എർലിങ്‌ ഹാലണ്ടിന്റെ ഗോൾവേട്ട അവസാനിപ്പിച്ച്‌ ഇംഗ്ലണ്ട്‌. നോർവെ കുപ്പായത്തിൽ അവസാന 14 മത്സരത്തിലും മുന്നേറ്റക്കാരന്‌ ഗോളുണ്ടായിരുന്നു. 2024 ഒക്‌ടോബർ 13ന്‌ ഓസ്‌ട്രിയക്കെതിരെ തുടങ്ങിയ ഗോളടി 636 ദിവസത്തിനുശേഷം അവസാനിച്ചു. ഇ‍ൗ ലോകകപ്പിൽ അഞ്ച്‌ മത്സരത്തിൽ ഏഴ്‌ ഗോളുണ്ട്‌ ഇരുപത്തഞ്ചുകാരന്‌. ഗോളടിക്കാരിൽ മൂന്നാം സ്ഥാനത്താണ്‌. 2019ൽ ദേശീയ ടീമിനായി അരങ്ങേറിയശേഷം 55 കളിയിൽ 62 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home