ഐക്കര നാരായണൻ അന്തരിച്ചു

ഒറ്റപ്പാലം
മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് മനിശീരി ഐക്കര വീട്ടിൽ നാരായണൻ (അപ്പുണ്ണിനായർ– 98) അന്തരിച്ചു. എ കെ ജിയോടൊപ്പം കർഷക ജാഥയിൽ പങ്കെട-ുത്തയാളാണ്. വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ സിപിഐ എം മനിശീരി സെന്റർ സെക്കൻഡ് ബ്രാഞ്ച് അംഗമാണ്. വാണിയംകുളം അജപമഠത്തിനുസമീപമുള്ള വീട്ടിലായിരുന്നു അന്ത്യം. ഒറ്റപ്പാലത്തെ ആധാരം എഴുത്തുകാരനാണ്. മൃതദേഹം വീട്ടിലെയും മനിശീരി ജ്യോതിഷരത്‌നം കെ എം അച്യുതനെഴുത്തച്ഛൻ സ്മാരക വായനശാലയിലെയും പൊതുദർശനത്തിനുശേഷം പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: പരേതയായ കല്യാണിക്കുട്ടി അമ്മ. മക്കൾ: ജ്യോതി, ജിഷ. മരുമക്കൾ: വേണുഗോപാലൻ, പ്രശാന്ത്.
ഐക്കര നാരായണന്റെ മൃതദേഹത്തിൽ സിപിഐ എം ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കൃഷ്ണകുമാർ, കെ ഗംഗാധരൻ എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി, കെ പ്രേംകുമാർ, എം ആർ മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
എ കെ ജിക്കൊപ്പം നടന്ന കർഷക പോരാളി
എ കെ ജിക്കൊപ്പം കർഷക ജാഥയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ എറ്റവും വലിയ അഭിമാന നിമിഷങ്ങളാണ് – അന്തരിച്ച മനിശീരി ഐക്കര വീട്ടിൽ നാരായണന്(അപ്പുണ്ണിയേട്ടൻ) എപ്പോഴും പറയാനുണ്ടായിരുന്നതിതാണ്. വാണിയംകുളം അജപമഠത്തിനുസമീപമുള്ള വീട്ടിൽ എത്തുന്ന എല്ലാവരോടും ആവേശത്തോടെയാണ് അപ്പുണ്ണിയേട്ടൻ കർഷക ജാഥയെക്കുറിച്ച് വിശദീകരിച്ചിരുന്നത്. ‘കൃഷിഭൂമി കർഷകന്’ മുദ്രാവാക്യമുയർത്തി 1960 ജൂൺ ഒന്നിനാണ് കാസർകോട്ടുനിന്ന് എ കെ ജിയുടെ നേതൃത്വത്തിലുള്ള കർഷക ജാഥ ആരംഭിച്ചത്. ഇ എം എസ് സർക്കാർ ഇറക്കിയ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് കേന്ദ്രം ഒപ്പിട്ട് തിരിച്ചയക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജാഥ. 30 കർഷകർ എ കെ ജിയുടെ പിന്നിൽ അണിനിരന്നു. അന്ന് ജാഥയിലൊരാളായിരുന്നു അപ്പുണ്ണിയേട്ടൻ. "അന്ന് കർഷകസംഘം ഒറ്റപ്പാലം താലൂക്ക് ജോയിന്റ് സെക്രട്ടറിയായിരുന്നു. ജാഥയുടെ ഭാഗമാകാൻ പാർടിയാണ് നിർദേശിച്ചത്. അങ്ങനെ ചരിത്രസമരത്തിന്റെ ഭാഗമായി. ഏകദേശം 30 കിലോമീറ്ററാണ് ഒരു ദിവസം നടന്നത്. ഒരു മാസത്തിനുശേഷം തിരുവനന്തപുരത്തെത്തി. ജാഥ അവസാനിപ്പിക്കുന്ന പൊതുസമ്മേളനത്തിനുമുന്പായി കേന്ദ്രത്തിൽനിന്ന് ഓർഡിനൻസ് പാസായുള്ള ഉത്തരവ് വന്നു' – വിപ്ലവ ആവേശത്തോടെയാണ് നാരായണൻ ഇതെല്ലാം വിവരിച്ചിരുന്നത്. ജാഥയ്‌ക്കുശേഷവും എ കെ ജി സൗഹൃദം തുടർന്നു. മരിക്കുന്നതുവരെ എ കെ ജിയുടെ കത്ത് ഇദ്ദേഹത്തിന്റെ വീട്ടിലെത്തി. പാലക്കാട്ട് പരിപാടിയിൽ പങ്കെടുക്കാൻ വന്ന സമയത്ത് എ കെ ജി അപ്പുണ്ണിയേട്ടന്റെ മനിശീരിയിലെ വീട് സന്ദർശിക്കുകയും ചെയ്‌തു.











0 comments