മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് നടപ്പാക്കിയില്ല
തെങ്ങോട് വീണ്ടും മലയിടിച്ചിൽ; 12 കുടുംബങ്ങൾ ഭീതിയിൽ

തെങ്ങോട് പൊല്ലക്കാട്ടിമലയിൽ ശനിയാഴ്‌ച രാത്രിയിൽ മണ്ണിടിഞ്ഞ നിലയിൽ
കാക്കനാട്
തെങ്ങോട് പൊല്ലക്കാട്ടിമലയിൽ മണ്ണിടിഞ്ഞു. ശനി രാത്രി പത്തോടെ ചെറുപറമ്പിൽ ബിജുവിന്റെ വീടിന്റെ വളപ്പിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ആളപായമില്ലെങ്കിലും പ്രദേശത്തെ 12 ഓളം കുടുംബങ്ങൾ ഭീതിയിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മനുഷ്യാവകാശ കമീഷൻ കലക്ടർക്ക് നൽകിയ നിർദേശം നടപ്പാക്കുന്നതിൽ ജില്ലാ ഭരണകേന്ദ്രം വീഴ്ചവരുത്തിയിരുന്നു.
അപകടവിവരമറിഞ്ഞ് കൗൺസിലർ ദിവ്യ ശബരിനാഥ് സ്ഥലം സന്ദർശിച്ചു. അടിയന്തരമായി മണ്ണ് നീക്കംചെയ്ത് സംരക്ഷണഭിത്തി നിർമിച്ച് ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
2023 മാർച്ചിൽ ഇതേസ്ഥലത്ത് മലയിടിഞ്ഞ് ബിജുവിന്റെ വീടിനും സമീപവാസികൾക്കും ഭീഷണിയായതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ട് അടിയന്തര സുരക്ഷാനടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, മൂന്നുവർഷം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാനോ ശാശ്വത സംരക്ഷണനടപടി സ്വീകരിക്കാനോ ജില്ലാ ഭരണകൂടം തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കുന്ന് പുറമ്പോക്ക് ഭൂമിയിലായതിനാൽ സർക്കാർ ഇടപെട്ട് സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് വർഷങ്ങളായുള്ള ആവശ്യം. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. മുൻ തൃക്കാക്കര എംഎൽഎ പി ടി തോമസ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് വിഷയത്തിൽ ഇടപെട്ടെങ്കിലും സ്ഥിരംപരിഹാരമുണ്ടായില്ല. കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കുന്നിന്റെ ഭാഗങ്ങൾ ഇനിയും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ കുടുംബങ്ങൾ ജീവഭയത്തിലാണെന്നും നാട്ടുകാർ പറഞ്ഞു.











0 comments