ad
Deshabhimani

കായംകുളം എംഎസ്എം ട്രസ്‌റ്റ്‌; പുതിയ 
ഭരണസമിതിക്ക് ഹൈക്കോടതി അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2026, 02:39 AM | 1 min read

കായംകുളം

എംഎസ്എം ട്രസ്‌റ്റിന്റെ ഭരണച്ചുമതലയിൽനിന്ന് മുൻ മാനേജർ കം സെക്രട്ടറി പി എ ഹിലാൽ ബാബുവിനെ നീക്കിയ നടപടി ഹൈക്കോടതി ശരിവച്ചെന്ന്‌ പുതിയ ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട്‌ വർഷമായി ട്രസ്‌റ്റിൽ നിലനിൽക്കുന്ന ഭരണസമിതി തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമാണ് ജൂലൈ ആറിലെ ഹൈക്കോടതി വിധിയോടെ തീർപ്പായത്. 2024 ഫെബ്രുവരി 16-ന് പ്രസിഡന്റ് സാദിഖ് അലിഖാന്റെ അധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അവിശ്വാസപ്രമേയത്തിലൂടെ പി എ ഹിലാൽ ബാബുവിനെ പുറത്താക്കി ഷെയ്‌ഖ്‌ പി ഹാരീസിനെ മാനേജർ കം സെക്രട്ടറിയായി നിയമിച്ചത്. ഫെബ്രുവരി 18-ന് ഹിലാൽ ബാബുവിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിശേഷാൽ പൊതുയോഗം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കായംകുളം മുൻസിഫ് കോടതിയെ സമീപിച്ച ഹിലാൽ ബാബുവിന് തിരിച്ചടിയേറ്റെങ്കിലും മാവേലിക്കര ജില്ലാ കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രധാനമായ വിധിയിൽ മാവേലിക്കര ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും കായംകുളം മുൻസിഫ് കോടതിവിധി നിലനിർത്തുകയും ചെയ്‌തു. ഫെബ്രുവരിയിൽ പുതിയ സെക്രട്ടറിയെ നിയമിച്ച നടപടി കോടതി ശരിവച്ചെന്നും കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് പുതിയ സെക്രട്ടറിയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. ട്രസ്‌റ്റ്‌ പ്രസിഡന്റ് സാദിഖ് അലിഖാൻ, സെക്രട്ടറി കം മാനേജർ ഷെയ്‌ഖ്‌ പി ഹാരീസ്, ട്രഷറർ ഹുമയൂൺ കബീർ, വൈസ്‌പ്രസിഡന്റ് പി എസ് സുൽഫിക്കർ, ട്രസ്‌റ്റ്‌ അംഗങ്ങളായ ഷെയ്ഖ് അഹമ്മദ്, സാദത്ത് ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home