സുബ്രതോ കപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടി മലയാളി വിദ്യാർഥിനികൾ

ദേവാഞ്ജന എം ഷാജി, ഫിസ അൻസാർ
കോലഞ്ചേരി
ദേശീയ ഇന്റർ-സ്കൂൾ ഫുട്ബോൾ ടൂർണമെന്റായ സുബ്രതോ കപ്പിന്റെ മത്സരങ്ങൾക്ക് യോഗ്യത നേടി മലയാളി വിദ്യാർഥിനികൾ. മൈസൂരുവിൽ നടന്ന എൻവിഎസ് ഹൈദരാബാദ് റീജണൽ പ്രീ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ നവോദയ ടീമിലെ അംഗങ്ങളായ ദേവാഞ്ജന എം ഷാജി, ഫിസ അൻസാർ എന്നിവരാണ് ദേശീയതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥിനികളാണ് ഇരുവരും. 22 മുതൽ 24 വരെ ജാർഖണ്ഡിൽ നടക്കുന്ന ടൂർണമെന്റിൽ ഹൈദരാബാദ് റീജണിനെ പ്രതിനിധീകരിച്ചാണ് ഇരുവരും ഉൾപ്പെടുന്ന ടീം മത്സരത്തിനിറങ്ങുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ദേവാഞ്ജന, പള്ളിക്കര പെരിങ്ങാല മൂലേക്കുഴിയിൽ വീട്ടിൽ എം എ ഷാജിയുടെയും സൗമ്യ ഷാജിയുടെയും മകളാണ്.
പത്താം ക്ലാസ് വിദ്യാർഥിനിയായ ഫിസ അൻസാർ, കിഴക്കമ്പലം ചേലക്കുളം പറക്കുന്നത്ത് വീട്ടിൽ അൻസാർ–ഷമീന ദമ്പതികളുടെ മൂത്ത മകളാണ്. മൈസൂരുവിൽ നടന്ന പ്രീ സുബ്രതോ കപ്പിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് ഈ മിടുക്കികൾ പുറത്തെടുത്തത്. ശ്രദ്ധേയമായ നേട്ടം കൈവരിച്ച് നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയ ദേവാഞ്ജനയെയും ഫിസയെയും അധ്യാപകരും സഹപാഠികളും നാട്ടുകാരും അഭിനന്ദിച്ചു.











0 comments