പ്ലാൻ ഫണ്ട് വെട്ടിക്കുറയ്‌ക്കൽ
വനിതാ–ശിശുക്ഷേമ പദ്ധതികളും പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Jul 13, 2026, 01:16 AM | 2 min read
പാലക്കാട്
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടി വനിതാ–ശിശുക്ഷേമ പദ്ധതികളെയും പ്രതിസന്ധിയിലാക്കും. പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന മൊത്തം ഫണ്ടിന്റെ 1-0 ശതമാനം കഴിഞ്ഞകാലങ്ങളിൽ വനിതാ, ശിശുക്ഷേമ പ്രവർത്തനങ്ങൾക്കും ഭിന്നശേഷി വിഭാഗങ്ങളുടെ ശാക്തീകരണ പ്രവർത്തനങ്ങൾക്കും വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കും നീക്കിവച്ചിരുന്നു. ഒരു പഞ്ചായത്തിന് മൂന്നരക്കോടി രൂപ പ്ലാൻഫണ്ട് ഇനത്തിൽ അനുവദിച്ചാൽ 30 ലക്ഷം രൂപവരെ ഇത്തരം പദ്ധതികൾക്ക് മാറ്റിവയ്‌ക്കാറുണ്ടായിരുന്നു. കുടുംബശ്രീ അംഗങ്ങൾക്കുള്ള തൊഴിൽദാന പദ്ധതി, തൊഴിൽ പരിശീലനം, വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ, അങ്കണവാടി കുട്ടികൾക്ക് പൂരകപോഷണ പദ്ധതി, ഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികൾ ഇൗ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കിയിരുന്നത്. വയോജനങ്ങൾക്ക് കട്ടിൽ വിതരണം, സഹായ ഉപകരണ വിതരണം, വയോ ക്ലിനിക്കുകൾ എന്നിവയെല്ലാം ഇതിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഫണ്ട് വെട്ടിക്കുറയ്‌ക്കുന്നതോടെ ഇതെല്ലാം പ്രതിസന്ധിയിലാകും. ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ കാലംമുതലാണ് ഇത്തരം പദ്ധതികൾക്കായി പഞ്ചായത്ത് തുക മാറ്റിവയ്‌ക്കാൻ തുടങ്ങിയത്. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യവികസനം മാത്രമല്ല നാടിന്റെ മുന്നേറ്റത്തിനെന്ന് തിരിച്ചറിഞ്ഞാണ് വനിതാ–ശിശുക്ഷേമ പദ്ധതികൾക്കുൾപ്പെടെ തുക നീക്കിവച്ചത്. നാട്ടിൻപുറങ്ങളിൽ വലിയ മാറ്റമാണ് ഇതുണ്ടാക്കിയത്. പ്രാദേശികമായ സ്‌ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പുരോഗതിക്കും ഇത്തരം പദ്ധതികൾ സഹായമായിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളും കരുതൽ അറിഞ്ഞിരുന്നു. വികസന വെല്ലുവിളികൾ നേരിടാൻ ജനകീയാസൂത്രണവും വികേന്ദ്രീകൃത ആസൂത്രണവും ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിലാണ് നേരത്തേ ലഭിച്ച ഫണ്ടുപോലും ഇല്ലാതാകുന്നത്.
സിപിഐ എം പ്രതിഷേധം ഇന്ന്
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതവും ആസ്‌തി സംരക്ഷണ മെയിന്റനൻസ് ഗ്രാന്റും അനുവദിക്കുന്നതിൽ കാലതാമസവും വെട്ടിക്കുറവും വരുത്തിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച കലക്ടറേറ്റിനുമുന്നിൽ സിപിഐ എം നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രതിഷേധ ധർണ സംഘടിപ്പിക്കും. രാവിലെ പത്തിന് നടക്കുന്ന ധർണയിൽ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ, എംഎൽഎമാർ എന്നിവർ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് ആസ്‌തി സംരക്ഷണ ഗ്രാന്റ്, റോഡ് ഇതര ആസ്‌തി സംരക്ഷണ ഗ്രാന്റ് എന്നീ ഇനങ്ങളിലായി ആകെ 4,315 കോടിയാണ് ലഭിക്കേണ്ടത്. ആദ്യ ഗഡുവായി 1348.56 കോടി ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ അനുവദിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംമൂലം വൈകിയെങ്കിലും പുതിയ സർക്കാർ അധികാരമേറ്റ് രണ്ടുമാസത്തോളമായിട്ടും തുക വിതരണം ചെയ്തിട്ടില്ല. റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾപ്പോലും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ്.











0 comments