print edition ഇടിമുഴക്കമാകാൻ ഫ്രാൻസ്

ലോകവേദിയിലെ തേരോട്ടം തുടരാനും കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനും ഒരുങ്ങിയാണ് ഫ്രാൻസ് കളത്തിലെത്തുന്നത്. 2018ൽ കിരീടമുയർത്തിയ കിലിയൻ എംബാപ്പെയും കൂട്ടരും 2022ൽ റണ്ണറപ്പുമായി. ഹാട്രിക് ഫൈനലും കപ്പുമാണ് ലോക ഒന്നാം റാങ്കുകാരുടെ ലക്ഷ്യം. ഫ്രഞ്ച് കുതിപ്പിന് തടയിടാൻ പുത്തൻ ശക്‌തികളായ എർലിങ് ഹാലണ്ടിന്റെ നോർവെയാണ് ഗ്രൂപ്പ് ‘ഐ’യിലുള്ള മറ്റൊരു പ്രബലർ. ഒപ്പം ആഫ്രിക്കൻ വീറുമായി സെനെഗലും ഏഷ്യൻ വമ്പുമായി ഇറാഖും. യൂറോപ്പ്– ഏഷ്യ– ആഫ്രിക്ക വൻകരകളുടെ പോരാട്ടത്തിന് സാക്ഷിയാകാം.
ഫ്രാൻസ്
ഫിഫ റാങ്ക് 1
17–ാം ലോകകപ്പ്
ഇൗ പതിറ്റാണ്ടിൽ ലോകകപ്പിൽ ഇത്രയും സ്ഥിരത കാട്ടുന്ന മറ്റൊരു ടീമുമില്ല. കടലാസിലും കളത്തിലും കരുത്തരിൽ കരുത്തരാണ് ഫ്രാൻസ്. അടിമുടി പ്രഫഷണൽ ടീം. സൂപ്പർതാരങ്ങളെക്കാൾ ടീമിനാണ് മുൻഗണന. പുതുനിരയെ വാർത്തെടുക്കുന്നതിലും ടീമിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിലും പരിശീലകൻ ദിദിയെർ ദെഷാമിനുള്ള മിടുക്കാണ് കുതിപ്പിന് പിന്നിൽ. ഖത്തറിൽ അർജന്റീനയോട് ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്. 14 വർഷമായി ചുമതലയിലുള്ള ദെഷാം ലോകകപ്പോടെ സ്ഥാനമൊഴിയുകയാണ്. പരിശീലകന് അർഹിച്ച യാത്രയയപ്പും ഫ്രഞ്ചുകാർ മനസ്സിൽ കാണുന്നുണ്ട്. എംബാപ്പെ തന്നെയാണ് ടീമിന്റെ മുഖം. എല്ലാ നിരയിലും പ്രതിഭകളാണ്. ഉസ്‌മാൻ ഡെംബെലെ, ദിസിരെ ദുവെ, വില്യം സാലിബ, മൈക്കേൽ ഒലീസെ, യൂലെസ് കൊണ്ടെ, എൻഗോളോ കാന്റെ തുടങ്ങി നിരവധി സൂപ്പർതാരങ്ങളുണ്ട് സംഘത്തിൽ.
മത്സരങ്ങൾ: ജൂൺ 16–സെനെഗൽ, 23–ഇറാഖ്, 26–നോർവെ.
നോർവെ
ഫിഫ റാങ്ക് 31
4–ാം ലോകകപ്പ്
28 വർഷത്തിനുശേഷം പകിട്ടോടെയാണ് നോർവെ ലോകകപ്പിനെത്തുന്നത്. 1998ലാണ് അവസാനമായി കളിച്ചത്. അന്ന് പ്രീക്വാർട്ടറിലെത്തിയതാണ് മികച്ച പ്രകടനം. ഇറ്റലി ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് യോഗ്യതാ റൗണ്ടിലെ എട്ടിൽ എട്ട് കളിയും ജയിച്ചാണ് വരവ്. യുവനിരയിലാണ് പ്രതീക്ഷ. ഗോളടിവീരൻ എർലിങ് ഹാലണ്ടാണ് വജ്രായുധം. ഒപ്പം അഴ്‌സണൽ ക്യാപ്‌റ്റനും മധ്യനിരക്കാരനുമായ മാർട്ടിൻ ഒദെഗാർദും ചേരും. അലെക്‌സാണ്ടർ സോർലോത്, ഓസ്‌കാർ ബോബ് എന്നിവരും മുതൽക്കൂട്ടാകും. സ്‌റ്റെയ്‌ൽ സോൾബാകെനാണ് പരിശീലകൻ. മത്സരങ്ങൾ: ജൂൺ 17–ഇറാഖ്, 23–സെനെഗൽ, 26–ഫ്രാൻസ്.
സെനെഗൽ
ഫിഫ റാങ്ക് 14
4–ാം ലോകകപ്പ്
തുടർച്ചയായ മൂന്നാം ലോകകപ്പ് കളിക്കുന്നതിന്റെ ആവേശത്തിലാണ് സെനെഗൽ. ആഫ്രിക്കൻ നേഷൻസ് കപ്പിൽ കളത്തിൽ ജയിച്ച് കിരീടമുയർത്തിയിട്ടും പിന്നീടുള്ള തീരുമാനത്തിൽ ചാമ്പ്യൻപട്ടം നഷ്ടമായ നിരാശയുണ്ട് ടീമിന്. ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. സെനെഗൽ അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയതിന്റെ പേരിലായിരുന്നു നടപടി. ഇൗ തിരിച്ചടി മറക്കാനുള്ള പ്രകടനമാണ് സാദിയോ മാനെയും കൂട്ടരും ലക്ഷ്യമിടുന്നത്. 2002ൽ ക്വാർട്ടറിലെത്തിയതാണ് മികച്ച പ്രകടനം. പാപെ തിയാവാണ് പരിശീലകൻ. നികോളാസ് ജാക്‌സൺ, കലിദോ കൗലിബാലി, എഡ്വേർഡ് മെൻഡി തുടങ്ങിയ പ്രധാന താരങ്ങളും ടീമിലുണ്ട്. മത്സരങ്ങൾ: ജൂൺ 16–ഫ്രാൻസ്, 23–നോർവെ, 26–ഇറാഖ്.
ഇറാഖ്
ഫിഫ റാങ്ക് 57
2–ാം ലോകകപ്പ്
ആശിച്ചും മോഹിച്ചും ഇറാഖ് കാത്തിരുന്നത് 40 വർഷമാണ്. ചരിത്രത്തിലെ രണ്ടാം ലോകകപ്പിനാണ് അവർ യോഗ്യത നേടുന്നത്. 1986ലായിരുന്നു ഇതിന് മുമ്പ്. അന്ന് ഗ്രൂപ്പ് ഘട്ടം കടന്നില്ല. പിന്നീട് ഒരിക്കലും കടമ്പ കടക്കാനായില്ല. ഇത്തവണ പ്ലേ ഓഫിൽ ബൊളീവിയയെ തോൽപ്പിച്ചാണ് വരവ്. ഓസ്‌ട്രേലിയൻ കോച്ചായിരുന്ന ഗ്രഹാം ആർണോൾഡിനാണ് ചുമതല. ക്യാപ്‌റ്റൻ അയ്‌മേൻ ഹുസൈൻ, അലി അൽ ഹമാദി, അലി ജാസിം എന്നിവരിലാണ് പ്രതീക്ഷകൾ.










0 comments