ലോകകപ്പ് ആവേശം തെരുവിൽ മാത്രം; ഹോട്ടൽ മുറികൾ ഒഴിഞ്ഞുകിടക്കുന്നു, തിരിച്ചടിയായി യുദ്ധ സാഹചര്യങ്ങളും ടിക്കറ്റ് വിലയും

ഫിഫ ലോകകപ്പിനായുള്ള അമേരിക്കയിലെ ജില്ലറ്റ് സ്റ്റേഡിയം | Photo Credit: Social Media
ന്യൂയോർക്ക്: അമേരിക്കൻ നഗരങ്ങളിൽ 2026 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ആവേശം അലയടിക്കുന്നുണ്ടെങ്കിലും ഹോട്ടൽ മേഖലയിൽ കനത്ത മന്ദതയെന്ന് റിപ്പോർട്ട്. ലോകകപ്പ് വേദികളാകുന്ന കൻസാസ് സിറ്റി, ഹൂസ്റ്റൺ, മിയാമി, ന്യൂയോർക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ തെരുവുകളിൽ ടൂർണമെന്റ് പ്രമേയമാക്കിയുള്ള പരസ്യബോർഡുകളും ഉത്പന്നങ്ങളും കൊണ്ട് വിപണി സജീവമാണ്.
എന്നാൽ, ഹോട്ടലുകളിലെ ബുക്കിങ് നിരക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്നതിനേക്കാൾ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പ് വലിയൊരു സാമ്പത്തിക തരംഗമുണ്ടാക്കുമെന്ന വർഷങ്ങളായുള്ള ചർച്ചകൾക്കൊടുവിൽ ഹോട്ടലുകൾ പകുതി പോലും ബുക്ക് ചെയ്യപ്പെടാത്തത് തങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയതായി ഹോട്ടലുടമകൾ വ്യക്തമാക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കസ്റ്റംസ് വിഭാഗം രാജ്യത്തുടനീളം നടത്തുന്ന ശക്തമായ ഇമിഗ്രേഷൻ റെയ്ഡുകളുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി ബിസിനസ്സ് രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനുപുറമെ, ഈ വർഷമാദ്യം ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ജീവിതച്ചെലവ് വർദ്ധനവും ഫിഫ നിശ്ചയിച്ച അമിതമായ ടിക്കറ്റ് നിരക്കുകളും കായികപ്രേമികളെ താമസം ബുക്ക് ചെയ്യുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നു.
ടിക്കറ്റ് നിരക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പോലും താനും ഈ തുക നൽകില്ലെന്നാണ് പ്രതികരിച്ചത്. ഫൈനൽ മത്സരത്തിന്റെ ഔദ്യോഗിക ടിക്കറ്റ് നിരക്ക് 32,970 ഡോളർ (ഏകദേശം 31ലക്ഷം രൂപ) വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിസ നടപടികൾ വേഗത്തിലാക്കാനും ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാനും ഇപ്പോൾ ഫിഫയോടും യുഎസ് സർക്കാരിനോടും ആവശ്യമുയരുന്നുണ്ട്.
പതിനായിരക്കണക്കിന് ഹോട്ടലുകളെ പ്രതിനിധീകരിക്കുന്ന അമേരിക്കൻ ഹോട്ടൽ ആൻഡ് ലോഡ്ജിങ് അസോസിയേഷൻ (എഎച്എൽഎ) നടത്തിയ സർവേയിൽ, പത്തിൽ എട്ട് ഹോട്ടലുകളിലും പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ ആവശ്യക്കാരാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎസ്-ഇറാൻ യുദ്ധസാഹചര്യങ്ങൾക്ക് പുറമെ, തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾ അടുത്ത റൗണ്ടുകളിൽ എവിടെയാണ് കളിക്കുക എന്ന് ഉറപ്പായ ശേഷം മാത്രം താമസം ബുക്ക് ചെയ്യാൻ ആരാധകർ കാത്തിരിക്കുന്നതാകാം ഇതിന് കാരണമെന്ന് എഎച്എൽഎ ചീഫ് എക്സിക്യൂട്ടീവ് റോസന്ന മിയേട്ട പറഞ്ഞു.
കൻസാസ് സിറ്റിയിലെ പ്രമുഖ ഹോട്ടലുകളിൽ സൂപ്പർ താരം ലയണൽ മെസ്സി അടുത്ത മാസം കളിക്കാനെത്തുന്നത് പോലും, മുൻപ് പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടി ഉണ്ടാക്കിയതുപോലെയുള്ള തരംഗം സൃഷ്ടിച്ചിട്ടില്ലെന്നാണ് ഹോട്ടൽ മാനേജർമാർ നിരീക്ഷിക്കുന്നത്.
അതേസമയം, ലോകകപ്പിനായുള്ള ടിക്കറ്റ് ആവശ്യകത അഭൂതപൂർവ്വമാണെന്നും ഇതിനകം അഞ്ച് മില്യണിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നുമാണ് ഫിഫ വക്താവ് വ്യക്തമാക്കുന്നത്. ടിക്കറ്റുകൾക്ക് അമിതവിലയാണെന്ന ആരോപണം നിഷേധിച്ച ഫിഫ, സാധാരണക്കാർക്കായി 60 ഡോളർ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഉയർന്ന നിരക്കുകൾ കരിഞ്ചന്തയിലെ ടിക്കറ്റ് മറിച്ചുവിൽക്കൽ തടയാനാണെന്നും അവകാശപ്പെട്ടു.
ലോകകപ്പ് സുഗമമായി നടത്തുന്നതിനായി വൈറ്റ് ഹൗസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാലിഡ് മാച്ച് ടിക്കറ്റുകളുള്ള 50 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് വിസ അപേക്ഷയ്ക്കുള്ള 15,000 ഡോളറിന്റെ ബോണ്ട് തുകയിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, വരും ആഴ്ചകളിൽ മാത്രമേ ഹോട്ടൽ ബുക്കിങ്ങിൽ കാര്യമായ പുരോഗതി ഉണ്ടാകൂ എന്നാണ് വിലയിരുത്തൽ.










0 comments