ad
Deshabhimani

104 മത്സരങ്ങൾ, 16 സ്റ്റേഡിയങ്ങൾ; ലോകകപ്പ് താരങ്ങളെ പരിക്കുകളിൽ നിന്ന് സംരക്ഷിക്കാൻ ശാസ്ത്രജ്ഞർ ഒരുക്കിയ അത്യാധുനിക പിച്ചുകൾ

fifa pitches

2026 ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ നാലെണ്ണം ഇൻഡോർ സ്റ്റേഡിയങ്ങളാണ് അതിനാൽ എല്ലാ പിച്ചുകളിലെയും കളി ഒരുപോലെ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവേഷകർക്ക് പ്രത്യേക വഴികൾ കണ്ടെത്തേണ്ടി വന്നു.| Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 17, 2026, 12:44 PM | 2 min read

വാഷിങ്ടൺ ഡിസി: ലോകകപ്പ് ഫുട്ബോളിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിലെ 104 മത്സരങ്ങൾ നടക്കാനിരിക്കുന്ന പുൽമൈതാനങ്ങൾ പൂർണ്ണസജ്ജമാക്കാൻ ഫിഫയുടെ അത്യാധുനിക കായിക ശാസ്ത്രസംഘം. 2024 കോപ്പ അമേരിക്കൻ ടൂർണമെന്റിൽ അർജന്റീനയുടെ ഏഞ്ചൽ ഡി മരിയയ്ക്ക് ലഭിച്ച സുവർണ്ണാവസരം നഷ്ടമായതും പന്ത് അമിതമായി ബൗൺസ് ചെയ്തതും പിച്ചിന്റെ താല്ക്കാലിക നിർമ്മിതിയിലെ പോരായ്മകൾ മൂലമാണെന്ന് വിമർശനമുയർന്നിരുന്നു.


ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ കഴിഞ്ഞ എട്ട് വർഷമായി മൈലുകളോളം നീളമുള്ള പുൽത്തകിടികളിൽ പരീക്ഷണങ്ങൾ നടത്തിയാണ് ശാസ്ത്രസംഘം ഇത്തവണത്തെ പിച്ചുകൾ ഒരുക്കിയിരിക്കുന്നത്. വെറും 5 മില്ലിമീറ്റർ നീള വ്യത്യാസം കൊണ്ട് കളിയുടെ റൺവേഗതയും പന്തിന്റെ നിയന്ത്രണവും മാറിമറിയാമെന്നതിനാൽ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് പുല്ലിന്റെ നീളം ശാസ്ത്രജ്ഞർ അളന്നു തിട്ടപ്പെടുത്തുന്നത്.


കളിയിലുടനീളം പന്തിന്റെ സ്വാഭാവികമായ ചലനം നിലനിർത്തുന്നതിനൊപ്പം കളിക്കാരുടെ കാലുകൾക്ക് കൃത്യമായ ഗ്രിപ്പ് നൽകാനും പരിക്കുകൾ പരമാവധി കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ വിവിധ കാലാവസ്ഥകൾ കണക്കിലെടുത്ത് മെക്സിക്കോ സിറ്റി, മിയാമി തുടങ്ങിയ ചൂടുള്ള നഗരങ്ങളിൽ കട്ടി കൂടിയ 'ബർമുഡ പുല്ലും', ടൊറന്റോ, ബോസ്റ്റൺ തുടങ്ങിയ തണുപ്പുള്ള മേഖലകളിൽ 'കെന്റക്കി ബ്ലൂഗ്രാസും' പെരെന്നിയൽ റൈഗ്രാസും അടങ്ങിയ മിശ്രിതവുമാണ് പിച്ചുകൾക്കായി ഉപയോഗിക്കുന്നത്.


ലോകകപ്പ് വേദികളിൽ നാലെണ്ണം പൂർണ്ണമായും മേൽക്കൂരയുള്ള ഇൻഡോർ സ്റ്റേഡിയങ്ങളായതിനാൽ സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്തത് വലിയ വെല്ലുവിളിയായിരുന്നു. "പുല്ലിന്റെ ഗുരു" എന്നറിയപ്പെടുന്ന പ്രൊഫസർ ട്രേ റോജേഴ്സിന്റെയും, ടെന്നസി സർവകലാശാലയിലെ പ്രൊഫസർ ജോൺ സൊറോച്ചന്റെയും നേതൃത്വത്തിലാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്.


കൊളറാഡോയിലെ കൂറ്റൻ ഫാമുകളിൽ മണ്ണിൽ പ്ലാസ്റ്റിക് പാളികൾ വിരിച്ച്, കടൽ പായലുകളിൽ നിന്നുള്ള സത്തുക്കളും പ്രത്യേക വളങ്ങളും നൽകി വളർത്തിയെടുക്കുന്ന പുൽത്തകിടികൾ കട്ടറുകൾ ഉപയോഗിച്ച് മുറിച്ച്, തണുപ്പിച്ച പ്രത്യേക ട്രക്കുകളിലാണ് സ്റ്റേഡിയങ്ങളിൽ എത്തിക്കുന്നത്. മത്സരങ്ങൾ ആരംഭിക്കുന്നതിന് വെറും 10 ദിവസം മുൻപ് മാത്രമായിരിക്കും പിച്ചുകൾ സ്റ്റേഡിയത്തിൽ സ്ഥാപിക്കുക.


മേൽക്കൂരയുള്ള ഇൻഡോർ സ്റ്റേഡിയങ്ങളിൽ സൂര്യപ്രകാശത്തിന്റെ അഭാവം നികത്താൻ അത്യാധുനിക മജന്ത നിറത്തിലുള്ള എൽഇഡി ഗ്രോ ലൈറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് ഇറക്കാവുന്ന ഈ ലൈറ്റുകളുടെ സാന്നിധ്യത്തിൽ പുല്ലിന്റെ സ്വാഭാവിക വളർച്ച ഉറപ്പാക്കാൻ സാധിക്കും.


ഈ പ്രത്യേക പുൽമൈതാന ഗവേഷണങ്ങൾക്കായി മാത്രം ഫിഫ 5 മില്യൺ ഡോളറിലധികം (ഏകദേശം 47 കോടിയിലധികം രൂപ) ചെലവഴിച്ചിട്ടുണ്ടെന്ന് ഫിഫയുടെ പിച്ച് മാനേജ്‌മെന്റ് മാനേജർ അലൻ ഫെർഗൂസൻ വ്യക്തമാക്കി. ലോകോത്തര താരങ്ങൾക്ക് തങ്ങളുടെ കളി മികവ് പുറത്തെടുക്കാനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ വേദിയാണ് ഈ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഒരുങ്ങിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home