ad
Deshabhimani

print edition തലയെടുപ്പോടെ ജപ്പാൻ

japan Netherlands match

ലോകകപ്പ് ഫുട്ബോളിൽ നെതർലൻഡ്സിനെതിരെ സമനില ഗോൾ നേടിയ ജപ്പാന്റെ ദയ്ച്ചി കമാദയുടെ (18) ആഹ്ലാദം

വെബ് ഡെസ്ക്

Published on Jun 16, 2026, 01:01 AM | 2 min read

ഡാലസ്‌: ഉയരത്തെ വേഗംകൊണ്ട്‌ ജപ്പാൻ തിരുത്തി. ലോകകപ്പ്‌ ഫുട്‌ബോളിലെ ആവേശക്കളിയിൽ ദയ്‌ച്ചി കമാദയുടെ വെടിച്ചില്ല്‌ ഹെഡറിലൂടെ ജപ്പാൻ നെതർലൻഡ്‌സിനെ തളച്ചു (2–2). രണ്ട്‌ തവണ പിന്നിട്ടുനിന്ന ശേഷമാണ്‌ സാമുറായ്‌പ്പട തിരിച്ചടിച്ചത്‌.


ഉയരക്കാരുടെ നിരയാണ്‌ നെതർലൻഡ്‌സിന്റേത്‌. 184.9 സെന്റീമീറ്ററാണ്‌ കളിക്കാരുടെ ശരാശരി ഉയരം. ജപ്പാൻ ടീമിന്റെ ശരാശരി ഉയരം 181.3 സെന്റിമീറ്ററും. 89–ാം മിനിറ്റിൽ കോകി കഗാവ കോർണറിൽനിന്ന്‌ പന്ത്‌ തൊടുക്കുന്പോൾ ആറടി ഉയരമുള്ള കമാദയ്‌ക്ക്‌ മുന്നിൽ ആറടി അഞ്ച്‌ ഇഞ്ചുകാരൻ വിർജിൽ വാൻ ഡിക്‌ വൻമരംപോലെ ഉയർന്നു നിൽപ്പായിരുന്നു. കമാദയും വാൻ ഡിക്കും ഒരുമിച്ച്‌ ചാടി. പക്ഷേ, പന്ത്‌ ഡച്ച്‌ ക്യാപ്‌റ്റന്റെ തലയിൽ തട്ടിയില്ല. ആ നിമിഷം അതിവേഗത്തിൽ കമാദയുടെ തല ക‍ൗശലത്തോടെ ചലിച്ചു. വല കുലുങ്ങി.


ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടമാകുമെന്ന പ്രതീക്ഷിച്ച പോരിന്‌ ആദ്യ പകുതിയിൽ വേഗമുണ്ടായില്ല. ജപ്പാൻ പ്രതിരോധത്തെ ഡച്ച്‌ മുന്നേറ്റക്കാരൻ ഡോണ്യെൽ മലെൻ കാര്യമായി പരീക്ഷിച്ചു. ഗോൾ കീപ്പർ സിയോൺ സുസുക്കിയാണ്‌ ജപ്പാനെ കാത്തത്‌.


ഇടവേളയ്‌ക്കുശേഷം കളി മാറി. റൊണാൾഡ്‌ കൂമാന്റെ ഡച്ചുകാർ കളി പിടിച്ചു. റ്യാൻ ഗ്രാവെൻബെർക്കിന്റെ ക്രോസിൽ വാൻ ഡിക്ക്‌ സുന്ദരമായി തലവച്ചപ്പോൾ അവർ ലീഡ്‌ നേടി. തോൽക്കാൻ മനസില്ലാത്ത ജപ്പാൻ കരുത്തോടെ തിരിച്ചുവന്നു. കെയ്-തോ നകാമുറയുടെ നിലംപറ്റിയുള്ള ഷോട്ട്‌ ഡച്ച്‌ ഗോൾ കീപ്പർ ബാർട്‌ വെർബ്രുഗനെ എത്തിപ്പിടിക്കാനായില്ല. മറ്റൊരു മനോഹരമായ നീക്കത്തിലൂടെയാണ്‌ ഡച്ച്‌ വീണ്ടും ലീഡ്‌ പിടിച്ചത്‌.


ഇക്കുറി വലതുഭാഗത്ത്‌നിന്ന്‌ മുന്നേറിയ സമ്മർവില്ലെയുടെ വകയായിരുന്നു ഗോൾ. ബോക്‌സിന്റെ വലത്തേ അറ്റത്തുനിന്നും തൊടുത്ത ചാഞ്ഞൊരു അടി സുസുക്കിയുടെ കൈകൾക്ക്‌ എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തേക്കായി. ജപ്പാൻ വിട്ടുകൊടുത്തില്ല. അവർ സമ്മർദമേറ്റി. കളി തീരാൻ നിമിഷങ്ങൾശേഷിക്കെ കമാദ ഏഷ്യക്കാരുടെ സമനില കുറിച്ചു.


മൊറിയാസു ആള്‌ ജപ്പാനാ!


ഡാലസ്‌: പരീക്ഷണങ്ങളുടെയും പുത്തൻ ആശയങ്ങളുടെയും നാടാണ്‌ ജപ്പാൻ. ലോകകപ്പ്‌ വേദിയിലും ജപ്പാൻ ഇത്‌ തുടരുകയാണ്‌. നെതർലൻഡ്‌സിനെതിരായ മത്സരത്തിനിടെ പരിശീലകൻ ഹജിമെ മൊറിയാസു ടീമിന്‌ നൽകിയ നിർദേശങ്ങളാണ്‌ ശ്രദ്ധേയമായത്‌. ചെറിയ ബോർഡുകളിൽ പല നമ്പറുകൾ എഴുതി ഇടയ്‌ക്കിടെ കാണിച്ചു. ഏത്‌ ശൈലിയിൽ കളിക്കണമെന്നുള്ള നിർദേശമായിരുന്നു. 45, 3, 2 എന്നിങ്ങനെ നമ്പറുകൾ ഉയർത്തി കാണിച്ചു. എതിരാളിക്ക്‌ മനസ്സിലാകാതിരിക്കാനാണ്‌ ഇത്തരമൊരു തന്ത്രം ആവിഷ്‌കരിച്ചത്‌. മത്സരശേഷം പതിവുപോലെ സ്‌റ്റേഡിയം മുഴുവൻ വൃത്തിയാക്കിയാണ്‌ ജപ്പാൻ ആരാധകർ മടങ്ങിയത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home