ad
Deshabhimani

print edition കപ്പിലേക്കടുക്കുമോ സ്‌പാനിഷ്‌ കപ്പൽ

FIFA.jpg
വെബ് ഡെസ്ക്

Published on May 08, 2026, 02:13 AM | 2 min read

കിരീട സാധ്യതയിൽ മുന്നിൽക്കുന്ന സ്‌പെയ്‌ൻ, ലാറ്റിനമേരിക്കൻ കരുത്തുമായെത്തുന്ന ഉറുഗ്വേ എന്നീ വന്പൻമാരുൾപ്പെട്ട ഗ്രൂപ്പ്‌ ‘എച്ച്‌’ൽ തീപാറും പോരാട്ടങ്ങളാണ്‌ കാത്തിരിക്കുന്നത്‌.


കഴിഞ്ഞ ലോകകപ്പിൽ ചാന്പ്യൻമാരായ അർജന്റീനയെ ആദ്യ മത്സരത്തിൽ കീഴടക്കിയ സ‍ൗദി അറേബ്യയാണ്‌ മൂന്നാമത്തെ ടീം. കന്നി ലോകകപ്പിനെത്തുന്ന കേപ്‌ വെർദെയുമുണ്ട്‌. സ്‌പെയ്‌ൻ x ഉറുഗ്വേ കളി ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടമാകും.


സ്‌പെയ്‌ൻ

ഫിഫ റാങ്ക്‌: 2

പതിനാറാം ലോകകപ്പ്‌


2010നുശേഷം ആദ്യ കിരീടം തേടിയാണ്‌ സ്‌പെയ്‌ൻ ഇറങ്ങുന്നത്‌. സ്‌പാനിഷ്‌ ഫുട്‌ബോളിലെ തലമുറമാറ്റം സന്പൂർണമായി നടന്നതിനുശേഷമുള്ള ആദ്യ ലോകകപ്പാണ്‌. സുവർണനിരയിലെ അവസാന കണ്ണികളായ സെർജിയോ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും കൂടി വിരമിച്ചു.


ലമീൻ യമാലും പെഡ്രിയും ഗാവിയും ഉൾപ്പെടെയുള്ള യുവനിരയാണ്‌ ഇറങ്ങുന്നത്‌. നിലവിലെ യൂറോപ്യൻ ചാന്പ്യൻമാരാണ്‌.


ബാഴ്‌സലോണ സൂപ്പർ താരം യമാലിന്റെ ആദ്യ ലോകകപ്പാണ്‌. സ്‌പാനിഷ്‌ ലീഗ്‌ മത്സരത്തിനിടെ പരിക്കേറ്റ യമാൽ ലോകകപ്പിന്‌ മുന്പ്‌ സുഖംപ്രാപിക്കുമെന്നാണ്‌ പ്രതീക്ഷ. പ്രതിരോധതാരം ഡാനി കർവഹാലും പരിക്കുകാരണം പുറത്താണ്‌. റോഡ്രിയും പെഡ്രിയും ഡാനി ഒൽമോയും മാർടിൻ സുബിമെൻഡിയും ഉൾപ്പെട്ട മധ്യനിരയാകും ശക്തി. ലൂയിസ്‌ ഡി ലാ ഫുയന്റെയാണ്‌ പരിശീലകൻ.


മത്സരങ്ങൾ: ജൂൺ 15 –കേപ്‌ വെർദെ, 21–സ‍ൗദി അറേബ്യ, 27–ഉറുഗ്വേ.​


ഉറുഗ്വേ

ഫിഫ റാങ്ക്‌: 17

14–ാം ലോകകപ്പ്‌


ലോകകപ്പിലെ പ്രഥമ ചാന്പ്യൻമാർ. 1950ലും കപ്പുയർത്തി. സമീപകാലത്ത്‌ മികച്ച പ്രകടനങ്ങളില്ല. കഴിഞ്ഞ ലോകകപ്പിൽ ആദ്യ റ‍ൗണ്ടിൽ മടങ്ങിയതിന്റെ നിരാശ മാറിയിട്ടില്ല. ഇക്കുറി മികച്ച സംഘമാണ്‌. റയൽ മാഡ്രിഡ്‌ ക്യാപ്‌റ്റൻ ഫെഡെറികോ വാൽവെർദെയാണ്‌ ശ്രദ്ധേയതാരം.


സീസണിൽ മികച്ച പ്രകടനമായിരുന്നു ഇരുപത്തേഴുകാരൻ നടത്തിയത്‌. ഡാർവിൻ ന്യൂനെസ്‌ (അൽ ഹിലാൽ), മാനുവേൽ ഉഗാർതെ (മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌), റൊണാൾഡ്‌ അറ‍ൗഹോ (ബാഴ്‌സലോണ) എന്നീ കളിക്കാരും ഉറുഗ്വേയുടെ മുന്നേറ്റത്തിന്‌ ചുക്കാൻ പിടിക്കും. അർജന്റീനക്കാരനായ മാഴ്‌സലോ ബിയെൽസയാണ്‌ പരിശീലകൻ. ലൂയിസ്‌ സുവാരസ്‌ വിരമിച്ചശേഷമുള്ള ആദ്യ ലോകകപ്പാണ്‌ ‍ഉറുഗ്വേയ്‌ക്ക്‌.


മത്സരങ്ങൾ: ജൂൺ 16–സ‍ൗദി അറേബ്യ, 22– കേപ്‌ വെർദെ, 27– സ്‌പെയ്‌ൻ.

സ‍ൗദി അറേബ്യ

ഫിഫ റാങ്ക്‌: 61

ആറാം ലോകകപ്പ്‌


കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ ഞെട്ടിച്ചതാണ്‌ ലോകകപ്പ്‌ ചരിത്രത്തിൽ സ‍ൗദിയുടെ തെളിച്ചമുള്ള ഓർമ. 1994ലെ കന്നി ലോകകപ്പിൽ നോക്ക‍ൗട്ട്‌ ഘട്ടത്തിലേക്ക്‌ മുന്നേറിയാണ്‌ സ‍ൗദി ചരിത്രം കുറിച്ചത്‌. ബൽജിയത്തിനെതിരെ സയീദ്‌ അൽ ഒവൈറാൻ 70 വാര ദൂരത്തുനിന്ന്‌ തൊടുത്ത ഗോൾ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി നിൽക്കുന്നു. ഇക്കുറി സ്‌പെയ്‌നും ഉറുഗ്വേയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന്‌ കരകയറാൻ ബുദ്ധിമുട്ടും.


ക്യാപ്‌റ്റൻ സലേം അൽ ദോസരിയാണ്‌ പ്രധാന താരം. സ‍ൗദ്‌ അബ്‌ദുൽഹമിദ്‌, ഫിറാസ്‌ അൽ ബുറെയ്‌കൻ, മുസാബ്‌ അൽ ജുവൈർ എന്നിവരും പ്രതീക്ഷ നൽകുന്നു. ഗ്രീക്കുകാരനായ ജോർജിസ്‌ ഡോണിസ്‌ ആണ്‌ പരിശീലകൻ.


മത്സരങ്ങൾ: ജൂൺ 16–ഉറുഗ്വേ, 21– സ്‌പെയ്‌ൻ, 27– കേപ്‌ വെർദെ.


കേപ്‌ വെർദെ


ഫിഫ റാങ്ക്‌: 69

കന്നി ലോകകപ്പ്‌

ലോകകപ്പിലെ നവാഗതരാണ്‌ കേപ്‌ വെർദെ. അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ ദ്വീപസമൂഹമായ കേപ്‌ വെർദെയുടെ ലോകകപ്പ്‌ യോഗ്യത അത്ഭുതപ്പെടുത്തുന്നതായിരുന്നു. യോഗ്യതാ റ‍ൗണ്ടിൽ കരുത്തരായ കാമറൂണിനെ ഉൾപ്പെടെ കീഴടക്കിയാണ്‌ മുന്നേറിയത്‌. മുൻ ക്യാപ്‌റ്റൻ ബുബിസ്‌റ്റയാണ്‌ ടീമിനെ പരിശീലിപ്പിക്കുന്നത്‌. രാജ്യത്തിന്‌ വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റ്യാൻ മെൻഡെസാണ്‌ ക്യാപ്‌റ്റൻ. ജാമിറോ മൊണ്ടെറിയോ, ഡയ്‌ലൻ ലിവറമെന്റോ എന്നിവരാണ്‌ മറ്റ്‌ താരങ്ങൾ.


മത്സരങ്ങൾ: 
ജൂൺ 15–സ്‌പെയ്‌ൻ, 22–ഉറുഗ്വേ, 27– 
സ‍ൗദി അറേബ്യ.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home