ad
Deshabhimani

ഫ്രീയായി കാണാം, പക്ഷെ ഇന്ത്യയിലല്ല; ഫിഫ ലോകകപ്പ് 104 മത്സരങ്ങളും സൗജന്യമാക്കാൻ റൊണാൾഡോയുടെ കാസെടിവി

fifa india broadcast

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 30, 2026, 06:00 PM | 2 min read

ന്യൂഡൽഹി: 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഔദ്യോഗിക തത്സമയ സംപ്രേക്ഷണാവകാശം ആർക്കാണെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടയിൽ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു യൂട്യൂബ് ചാനൽ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് സ്ഥിരീകരിച്ചു.


നിലവിൽ സൗദി പ്രോ ലീഗിൽ അൽ-നാസർ ക്ലബ്ബിനായി കളിക്കുന്ന റൊണാൾഡോ, അടുത്തിടെ 'ലൈവ്‌മോഡ്' എന്ന ബ്രസീലിയൻ സ്പോർട്സ് മീഡിയ കമ്പനിയിൽ നിക്ഷേപം നടത്തിയിരുന്നു. ഈ കമ്പനി 'കാസെടിവി' എന്ന യൂട്യൂബ് പ്ലാറ്റ്‌ഫോമുമായി കൈകോർത്താണ് ബ്രസീലിൽ 2026 ഫിഫ ലോകകപ്പിലെ 104 മത്സരങ്ങളും സൗജന്യമായി സ്ട്രീം ചെയ്യുന്നത്.


ബ്രസീലിയൻ യൂട്യൂബറും സ്ട്രീമറുമായ കാസിമിറോ മിഗേൽ, ലൈവ്‌മോഡുമായി സഹകരിച്ച് 2022-ലാണ് കാസെടിവിക്ക് തുടക്കമിട്ടത്. 2022 ഫിഫ ലോകകപ്പിലെ തിരഞ്ഞെടുത്ത മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തുകൊണ്ട് ആഗോളതലത്തിൽ ശ്രദ്ധ നേടിയ ചാനൽ, പിന്നീട് ഫിഫ വനിതാ ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ്, ഒളിമ്പിക്സ്, പ്രമുഖ തെക്കേ അമേരിക്കൻ ഫുട്ബോൾ ടൂർണമെന്റുകൾ എന്നിവയും സംപ്രേക്ഷണം ചെയ്ത് വലിയ വളർച്ച കൈവരിച്ചു.


ഇത്തവണത്തെ ലോകകപ്പിൽ ബ്രസീലിയൻ ജനതയ്ക്കായി 4K ദൃശ്യ മികവിലാണ് കാസെടിവി മത്സരങ്ങൾ തത്സമയം എത്തിക്കുന്നത്. ഇതിനൊപ്പം മത്സരങ്ങളുടെ അണിയറ വിശേഷങ്ങൾ, സാംസ്കാരിക പരിപാടികൾ, യുവ ആരാധകരെ ആകർഷിക്കുന്ന തരത്തിലുള്ള ഇന്ററാക്ടീവ് സെഷനുകൾ എന്നിവയും അവർ ഒരുക്കുന്നുണ്ട്.


കാസെടിവിയിലൂടെ ഇന്ത്യയിൽ ലോകകപ്പ് കാണാനാകുമോ?


ഇന്ത്യയിലുള്ള ആരാധകർക്ക് യൂട്യൂബ് വഴിയോ ട്വിച്ച് വഴിയോ കാസെടിവി ചാനലുകൾ സന്ദർശിക്കാൻ സാധിക്കുമെങ്കിലും, 2026 ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ ലഭ്യമാകില്ല. ഈ ചാനലിന്റെ സംപ്രേക്ഷണം ബ്രസീലിൽ മാത്രമായി ജിയോ-ബ്ലോക്ക് (റീജിയൻ-ലോക്ക്) ചെയ്തിരിക്കും. കാരണം, കാസെടിവിയും അതിന്റെ മാതൃ കമ്പനിയായ ലൈവ്‌മോഡും ഫിഫയിൽ നിന്നും ഡിജിറ്റൽ സംപ്രേക്ഷണാവകാശം വാങ്ങിയിരിക്കുന്നത് ബ്രസീൽ എന്ന രാജ്യത്തേക്ക് മാത്രമായാണ്.


ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സീ ഗ്രൂപ്പിലേക്ക്?


ഇന്ത്യയിൽ ഫിഫ ലോകകപ്പിലെ 104 മത്സരങ്ങളും തത്സമയം കാണിക്കാനുള്ള റേസിൽ മുൻപന്തിയിൽ നിൽക്കുന്നത് പ്രമുഖ മാധ്യമ ശൃംഖലയായ 'സീ' ആണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, തങ്ങളുടെ സ്പോർട്സ് ചാനലുകളിലൂടെയും സീ5 ആപ്പിലൂടെയും മത്സരങ്ങൾ ഇന്ത്യയിൽ എത്തിക്കാനാണ് സീ ഗ്രൂപ്പ് ശ്രമിക്കുന്നത്.


ഒരു പതിറ്റാണ്ടിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം കായിക സംപ്രേക്ഷണ രംഗത്തേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താനാണ് സീ ഗ്രൂപ്പ് ഫിഫ ലോകകപ്പിനെ ഉപയോഗിക്കുന്നത്. ഫിഫയുമായുള്ള ചർച്ചകൾക്കൊപ്പം തന്നെ, നാല് പ്രത്യേക സ്പോർട്സ് ചാനലുകളുമായി 'യുണൈറ്റ് 8 സ്പോർട്സ്' ആരംഭിക്കുമെന്നും സീ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 30 മുതൽ 35 മില്യൺ യുഎസ് ഡോളർ വരെ (ഏകദേശം 250-290 കോടി രൂപ) ചിലവിട്ടാകും സീ ഗ്രൂപ്പ് ലോകകപ്പ് അവകാശം ഇന്ത്യ സ്വന്തമാക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home