ad
Deshabhimani

നോർവെയ്ക്ക് പിന്നാലെ ഇംഗ്ലണ്ടും; മെക്സിക്കോയെ പൂട്ടി കെയ്നും സംഘവും ക്വാർട്ടറിലേക്ക്

eng

Photo:FIFA

വെബ് ഡെസ്ക്

Published on Jul 06, 2026, 09:20 AM | 1 min read

മെക്സിക്കോ സിറ്റി : നോർവെയ്ക്ക് പിന്നാലെ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആതിഥേയരായ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ഹാം ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടി. മെക്സിക്കോയ്ക്ക് വേണ്ടി ജൂലിയൻ ക്വിനോനെസ്, റൗൾ ജിമിനെസ് എന്നിവരാണ് ഗോൾ നേടിയത്.


മത്സരത്തിലുടനീളം ഇരു ടീമുകളും ശക്തമായി പോരാടി. ബോൾ പൊസഷനിലും ആക്രമണത്തിലും ആതിഥേയരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിനേക്കാൾ മുന്നിൽ നിന്നതെങ്കിലും ലഭിച്ച അവസരങ്ങൾ കൃത്യമായി ഗോളാക്കി മാറ്റിയതാണ് ഇംഗ്ലണ്ടിന് തുണയായത്. ആദ്യ പകുതിയുടെ 36, 38 മിനിറ്റുകളിലായി മിന്നൽ വേഗതയിൽ ഇരട്ട ഗോളുകൾ നേടി ബെല്ലിങ്ഹാം മെക്സിക്കോയ്ക്ക് കടുത്ത ഷോക്ക് സമ്മാനിച്ചു. എന്നാൽ നാല് മിനിറ്റുകൾക്കകം തന്നെ ക്വിനോനെസിലൂടെ ഒരു ഗോൾ മടക്കി മെക്സിക്കോ കളിയിലേക്ക് തിരിച്ചെത്തി.


രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ജാറെൽ ക്വാൻസാഹ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ ഇംഗ്ലണ്ട് പത്തുപേരായി ചുരുങ്ങി. തുടർന്ന് സമനിലയ്ക്കായി മെക്സിക്കോ കടുത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും 60-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ ലീഡ് 3-1 ആയി ഉയർത്തി. പിന്നീട് പ്രതിരോധത്തിലൂന്നിയാണ് ഇംഗ്ലണ്ട് കളിച്ചത്. 69-ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ജിമിനെസും വലയിലെത്തിച്ചതോടെ സ്കോർ 3-2 ആയി. പിന്നീട് ഫൈനൽ വിസിൽ മുഴങ്ങും വരെയും മത്സരം സമനിലയിലാക്കാൻ ആതിഥേയർ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home