കോറോ ഹെൽത്ത് കന്പനിക്കെതിരെ നേരത്തേ പരാതി
രാത്രി 10വരെയും ജോലി, വനിതാ ജീവനക്കാർക്കും സുരക്ഷയൊരുക്കിയില്ല; ചൂഷണം ചോദ്യംചെയ്‌തപ്പോൾ പിരിച്ചുവിട്ട് പ്രതികാരം

കൊച്ചി: കോറോ ഹെൽത്ത് കന്പനിക്കെതിരെ നേരത്തേ പരാതി നൽകിയിരുന്നതായി ജീവനക്കാർ. കഴിഞ്ഞവർഷമായിരുന്നു ഇത്. വനിതാജീവനക്കാരെ ഉൾപ്പെടെ അധികസമയം ജോലി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. രാത്രി 10 വരെ ജോലി ചെയ്യിക്കുമായിരുന്നു. ജില്ലാ ലേബർ ഓഫീസർ വിഷയത്തിൽ ഇടപെട്ടു. അധികസമയത്തിന് അനുസൃതമായ തുകയും വനിതാജീവനക്കാർക്ക് രാത്രി വാഹനവും സുരക്ഷയും ഉറപ്പാക്കണമെന്നും നിർദേശിച്ചതോടെ ഏഴുവരെ ജോലിചെയ്‌താൽ മതിയെന്ന നിലയിലേക്ക് കമ്പനി വഴങ്ങി. ഇതോടെയാണ് കേരളത്തിലെ ജീവനക്കാരോട് വൈരാഗ്യം ആരംഭിച്ചത്.
ഇന്ത്യയിലെ വിവിധയിടങ്ങളിലായി 8000 ജീവനക്കാർ കോറോ ഹെൽത്തിലുണ്ട്. നോയിഡയിലാണ് കൂടുതൽപേർ. ലേബർകോഡിനുപുറമേ കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞാണ് പിരിച്ചുവിടൽ എന്നാണ് മേലധികാരികൾ പറഞ്ഞത്. എന്നാൽ, മറ്റിടങ്ങളിൽ പുതുതായി ജീവനക്കാരെ എടുക്കുന്നുണ്ട്. ഇതിനായി നടപടികളും സ്വീകരിച്ചു. നിലവിൽ അവിടെ ജോലിചെയ്യുന്നവരെ കേരളത്തിലെ കൂട്ടപ്പിരിച്ചുവിടൽ കാട്ടി ഭീഷണിപ്പെടുത്തുകയാണ്.
വെള്ളിയാഴ്‌ച പിരിച്ചുവിടാൻ എത്തിയ സംഘത്തിൽ ബൗൺസേഴ്‌സ് ഉൾപ്പെടെയുണ്ടായി. വന്ന ഉടൻ കൈവശമുണ്ടായിരുന്ന നോട്ടീസുകൾ വായിച്ചു. ഐഡി കാർഡ് വാങ്ങി, പിരിച്ചുവിടുകയാണെന്ന് പറഞ്ഞു. പ്രതിഷേധിക്കുകയും സിഐടിയു നേതാക്കളെ ഉൾപ്പെടെ വിവരം അറിയിക്കുകയും ചെയ്‌തതോടെയാണ് അവർ ചർച്ചയ്‌ക്ക് തയ്യാറായത്. എന്നാൽ, ആ ചർച്ചയിലെ ധാരണയ്‌ക്കുവിരുദ്ധമായി രണ്ടരമാസത്തെ ശമ്പളം അക്കൗണ്ടിലേക്ക് ഇടുകയായിരുന്നു. എണ്ണൂറിലധികം കുടുംബങ്ങൾ തെരുവിലേക്ക് ഇറങ്ങുന്നതിന്റെ വക്കിലാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുണ്ടാകുമെന്ന് കരുതുന്നു. ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജീവനക്കാർ പറഞ്ഞു.











0 comments