മഹാരാഷ്ട്രയിൽ കനത്ത മഴ: മുംബൈ-പുനെ എക്സ്പ്രസ് വേ അടച്ചു; ഗതാഗതം പൂർണമായും തടസപ്പെട്ടു

മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴ |Photo:NDTV
മുംബൈ : മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. മണ്ണിടിച്ചിലും റോഡ് ഇടിയലും രൂക്ഷമായ വെള്ളപ്പൊക്കവും കാരണം മുംബൈ-പുണെ എക്സ്പ്രസ് വേയും റായ്ഗഡ് ജില്ലയിലെ തംഹിനി ഘാട്ട്, വരാധ ഘാട്ട്, കഷേദി ഘാട്ട് ഉൾപ്പെടെയുള്ള പ്രധാന ചുരങ്ങളും അടിയന്തിരമായി അടച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെ മുംബൈ-പുണെ എക്സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് ഭാഗത്തുള്ള ടണൽ രണ്ടിന് സമീപം വൻ മണ്ണിടിച്ചിലുണ്ടായി. ഇതേത്തുടർന്ന് വലിയ പാറക്കല്ലുകളും മണ്ണും വീണ് പുനെയിൽ നിന്ന് മുംബൈയിലേക്കുള്ള പാത പൂർണമായും തടസപ്പെട്ടു. കൂടാതെ ഖലാപൂർ ഫുഡ് മാളിന് സമീപം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി എക്സ്പ്രസ് വേയിലൂടെയുള്ള ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
റായ്ഗഡ് ജില്ലയിൽ കൊങ്കണിനെയും പശ്ചിമ മഹാരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന ഒന്നിലധികം ചുരം റോഡുകളെ മഴ സാരമായി ബാധിച്ചിട്ടുണ്ട്. തംഹിനി ഘാട്ടിലെ മുൽഷി താലൂക്കിലുള്ള റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് പുനെ-കൊലാഡ് പാതയിലെ ഗതാഗതം നിലച്ചു. മഹാദിനെയും പുനെയെയും ബന്ധിപ്പിക്കുന്ന വരാധ ഘാട്ടും തുടർച്ചയായ മണ്ണിടിച്ചിൽ മൂലം അടച്ചിട്ടിരിക്കുകയാണ്.
മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് പൊളാഡ്പൂർ-മഹാബലേശ്വർ റൂട്ടും അടച്ചു. മുംബൈ-ഗോവ ദേശീയപാതയിലെ കഷേദി ഘാട്ടിലും സുകേലി ഖിന്ദിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടർന്ന് കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചുരം റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി.










0 comments