ad
Deshabhimani

കശ്മീരിൽ കനത്ത മഴ: കിഷ്ത്വാറിലെ ക്വാർ ജലവൈദ്യുത പദ്ധതിക്ക് സമീപം മണ്ണിടിച്ചിൽ, ദേശീയ പാത അടച്ചു

KASHMIR_LANDSLIDE
വെബ് ഡെസ്ക്

Published on Jul 06, 2026, 12:02 PM | 1 min read

ശ്രീന​ഗർ: കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ. കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമാണത്തിലിരിക്കുന്ന 540 മെഗാവാട്ട് 'ക്വാർ ജലവൈദ്യുത പദ്ധതി' പ്രദേശത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ അളവിൽ പാറകളും അവശിഷ്ടങ്ങളും വീണതിനെ തുടർന്ന് പ്രോജക്ട് സൈറ്റിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ ഇതിനടിയിൽ കുടുങ്ങി. വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ശ്രമം നടത്തുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോ​ഗിച്ച് മണ്ണ് നീക്കം ചെയ്യാൻ തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്.


കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ദോഡയിലെ പ്രേം നഗറിൽ ജമ്മു-കിഷ്ത്വാർ ദേശീയ പാത (NH-244) ഇന്നലെ രാത്രി മുതൽ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്. റോഡിൽ വലിയ തോതിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതിനാൽ വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഹൈവേ എത്രയും വേഗം തുറക്കാനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷിതമാണെന്ന് അധികൃതർ പ്രഖ്യാപിക്കുന്നത് വരെ യാത്രക്കാർ ഈ റൂട്ടിലൂടെയുള്ള യാത്രകൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.


കിഷ്ത്വാർ പ്രദേശത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർഥാടകരും പ്രദേശവാസികളും കടുത്ത ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കശ്മീരിൽ മഴക്കാലം തുടരുന്നതിനാൽ മലഞ്ചെരിവുകൾ, നദികൾ, അരുവികൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home