ad
Deshabhimani

ഇന്ത്യയിൽ വിലക്ക്; 'സത്‌ലുജ്' സിനിമയുടെ ഡൗൺലോഡ് ചെയ്ത കോപ്പികൾ പ്രചരിപ്പിക്കാൻ ദിൽജീത് ദോസാഞ്ച്

satluj
വെബ് ഡെസ്ക്

Published on Jul 06, 2026, 01:13 PM | 2 min read

മുംബൈ: റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം തന്റെ പുതിയ ചിത്രമായ 'സത്‌ലുജ്' (Satluj) ഒടിടി പ്ലാറ്റ്‌ഫോമായ സീഫൈവ് (ZEE5) ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ പ്രതികരണവുമായി നടനും ഗായകനുമായ ദിൽജീത് ദോസാഞ്ച്. മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഹണി ട്രെഹാൻ സംവിധാനം ചെയ്ത ചിത്രമാണിത്.


ചിത്രം വിലക്കപ്പെടുമെന്ന് തങ്ങൾക്ക് മുൻകൂട്ടി അറിയാമായിരുന്നെന്നും അതുകൊണ്ടാണ് മുൻകൂട്ടി അറിയിപ്പുകളോ പ്രൊമോഷനുകളോ ഇല്ലാതെ ചിത്രം രഹസ്യമായി റിലീസ് ചെയ്തതെന്നും ദിൽജീത് ദോസാഞ്ച് വ്യക്തമാക്കി. 'പഞ്ചാബ് 95' എന്ന പേരിൽ സെൻസർഷിപ്പ് കുരുക്കിൽപ്പെട്ട് നാല് വർഷത്തോളമാണ് ചിത്രം റിലീസ് ചെയ്യാൻ കഴിയാതെ കിടന്നത്. തുടർന്ന് കഴിഞ്ഞ ജൂലൈ 3-നാണ് ചിത്രം സീഫൈവിൽ റിലീസ് ചെയ്തതെങ്കിലും രണ്ട് ദിവസത്തിന് ശേഷം ജൂലൈ 5-ഓടെ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.


ചിത്രം ഇതിനകം തന്നെ നിരവധി ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും ആ കോപ്പികൾ പരസ്പരം പങ്കുവെച്ച് സിനിമ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും ദിൽജീത് ദോസാഞ്ച് അഭ്യർത്ഥിച്ചു. സിനിമ ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞെന്നും ഇന്റർനെറ്റിൽ വന്ന ഒന്നിനെ ഇനി ആർക്കും തടയാനാകില്ലെന്നും അദ്ദേഹം ലൈവിൽ പറഞ്ഞു. "നിങ്ങൾക്ക് എന്നെ എത്ര വേണമെങ്കിലും ബുദ്ധിമുട്ടിക്കാം, പക്ഷേ മരിക്കുന്നതുവരെ ഞാൻ പഞ്ചാബിനൊപ്പമുണ്ടാകും" എന്നും ദിൽജീത് കൂട്ടിച്ചേർത്തു.


അതേസമയം, ചിത്രത്തിന്റെ ക്രിയേറ്റീവ് വിഷനൊപ്പം തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും നിയമപരമായ വഴികളിലൂടെ ചിത്രം എത്രയും വേഗം ഇന്ത്യയിലെ പ്രേക്ഷകർക്ക് മുന്നിൽ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നും സീഫൈവ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയെങ്കിലും വിദേശങ്ങളിലുള്ളവർക്കായി 'സീഫൈവ് ഗ്ലോബൽ' പ്ലാറ്റ്‌ഫോമിൽ ചിത്രം ഇപ്പോഴും ലഭ്യമാണ്.


പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണ് 'സത്‌ലുജ്' എന്ന സിനിമ. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും പഞ്ചാബിൽ നിലനിന്നിരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ബയോപിക് ഡ്രാമ ഒരുക്കിയിരിക്കുന്നത്.


പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതവും പോരാട്ടവുമാണ് സിനിമയുടെ പ്രധാന പ്രമേയം. അക്കാലത്ത് പഞ്ചാബിൽ സുരക്ഷാ സേനയുടെ ആഭിമുഖ്യത്തിൽ നടന്നതായി പറയപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചും നിയമവിരുദ്ധമായ കൊലപാതകങ്ങളെക്കുറിച്ചും ഖൽറ നടത്തിയ അന്വേഷണങ്ങളാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ആയിരക്കണക്കിന് യുവാക്കളെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ ശേഷം, അജ്ഞാത മൃതദേഹങ്ങളായി കൂട്ടത്തോടെ സംസ്‌കരിച്ചതിന്റെ നിർണ്ണായക രേഖകൾ ഖൽറ പുറത്തുവിട്ടിരുന്നു. അമൃത്‌സറിലെ ശ്മശാനങ്ങളിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ ശേഖരിച്ച് ഈ മനുഷ്യാവകാശ ലംഘനങ്ങൾ തെളിവ് സഹിതം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ അദ്ദേഹത്തെ 1995-ൽ പോലീസ് തട്ടിക്കൊണ്ടുപോവുകയും പിന്നീട് കസ്റ്റഡിയിൽ വെച്ച് കൊലപ്പെടുത്തുകയുമാണുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home