മുംബൈയില്‍ മഴക്കെടുതി രൂക്ഷം; 13 മരണം, റെഡ് അലർട്ട്

മുംബൈ–പുണെ എക്സ്പ്രസ് വേയിലെ മിസ്സിങ് ലിങ്ക് ഭാഗത്ത് മഴയെ തുടർന്ന് മണ്ണും വെള്ളവും റോഡിലേക്ക് പതിച്ച നിലയിൽ
മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴയെത്തുടർന്ന് മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടം. മുംബൈ, പാൽഘർ, റായ്ഗഡ് ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിലായി 13 പേർ മരിച്ചതായി ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. മുംബൈയിലും സമീപ പ്രദേശങ്ങളിലും വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലോണാവാലയിൽ മാത്രം ഇന്ന് 670 മില്ലിമീറ്റർ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്.
മുംബൈയിലെ മൻഖുർദിൽ ചൗൾ തകർന്നുവീണ് ആറ് പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരങ്ങൾ കടപുഴകി വീണുള്ള വ്യത്യസ്ത അപകടങ്ങളിൽ മറ്റ് രണ്ട് പേർക്കും ജീവൻ നഷ്ടമായി. കനത്ത മഴയെ തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പല പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലുമാണ്. പലയിടങ്ങളിലും റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ജീവനക്കാർക്ക് കമ്പനികൾ വർക്ക് ഫ്രം ഹോം നിർദേശം നൽകിയിട്ടുണ്ട്.
പൂനെയിൽ ഉരുൾപൊട്ടൽ: ഒരാൾ മരിച്ചു
പൂനെ ജില്ലയിലെ മാവൽ തെഹ്സിലിലെ പതൻ ഗ്രാമത്തിൽ കനത്ത മഴയെത്തുടർന്ന് മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിൽ വീട് തകർന്ന് ഒരാൾ മരിക്കുകയും ഒരു കുടുംബത്തിലെ രണ്ട് പേരെ കാണാതാവുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിൽ ദേശീയ ദുരന്തപ്രതികരണ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. മാവൽ തെഹ്സിലിൽ തന്നെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്വകാര്യ ബസിലെ 37 യാത്രക്കാരെ എൻഡിആർഎഫ് സംഘം സുരക്ഷിതമായി രക്ഷപ്പെടുത്തി.
വരും മണിക്കൂറുകളിൽ റായ്ഗഡ്, നാസിക്, പാൽഘർ, പൂനെയിലെ മലയോര മേഖലകൾ എന്നിവടങ്ങളിൽ അതീവ നിർണ്ണായകമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കൊങ്കൺ മേഖലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.











0 comments