ad
Deshabhimani

രണ്ടുമാസം പോലും താങ്ങിയില്ല; 7000 കോടിയുടെ മുംബൈ–പുണെ 'മിസ്സിങ് ലിങ്ക്' ആദ്യ മഴയിൽ തകര്‍ന്നു

pune missing link
വെബ് ഡെസ്ക്

Published on Jul 06, 2026, 03:15 PM | 1 min read

മുംബൈ: മഴയില്‍ തകര്‍ന്ന മുംബൈ-പുണെ എക്സ്പ്രസ് വേയിലെ ‘മിസ്സിങ് ലിങ്ക്’ ഉദ്ഘാടനം ചെയ്തത് വെറും രണ്ട് മാസം മുമ്പ്. 7,000 കോടി രൂപ ചെലവിൽ വൻ പരസ്യകോലാഹലങ്ങളോടെ തുറന്ന പാതയിലെ തകരാർ സർക്കാരിനെതിരെ വലിയ ജനരോഷത്തിന് വഴിവെച്ചിരിക്കുകയാണ്.


യാത്ര എളുപ്പമാക്കുമെന്ന അവകാശവാദത്തോടെ ഏകദേശം പാതയിലാണ് ആദ്യത്തെ കനത്ത മഴയിൽ തന്നെ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും ഉണ്ടായത്. ഇതോടെ പുണെയിൽ നിന്ന് മുംബൈയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയും ജനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങുകയും ചെയ്തു.


റോഡ് അടച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ‘മിസ്സിങ് ലിങ്ക്’ പാതയിലെ യഥാർഥ മിസ്സിങ് ലിങ്ക് കൃത്യമായ ആസൂത്രണവും സുരക്ഷയും ഉത്തരവാദിത്തവുമാണെന്നാണ് ജനങ്ങൾ പറയുന്നത്. സഹ്യാദ്രി മലനിരകളിലൂടെ കടന്നുപോകുന്ന പാതയിൽ മഴയും മണ്ണിടിച്ചിലും സാധ്യതകളാണെന്നിരിക്കെ, അതിനുള്ള മുന്നൊരുക്കങ്ങളും ചരിവ് സംരക്ഷണവും ഡ്രെയിനേജ് സംവിധാനവും എത്രത്തോളം ഉറപ്പാക്കിയെന്ന ചോദ്യമാണ് ഉയരുന്നത്.


നികുതിദായകരുടെ പണം വെറും ഫോട്ടോ എടുക്കാനും പിആർ വർക്കുകൾക്കും വേണ്ടിയുള്ളതല്ലെന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന റോഡുകൾ നിർമിക്കാനാണെന്നും വിമർശനമുയരുന്നു.


വലിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പാത നിർമിച്ചതെന്ന ഭരണാധികാരികളുടെ അവകാശവാദങ്ങളെയും സോഷ്യൽ മീഡിയ പരിഹസിക്കുന്നു. 13 കിലോമീറ്റർ പാതയ്ക്കായി കോടികൾ ചെലവഴിച്ചിട്ടും ആദ്യത്തെ കനത്ത മഴയിൽ തന്നെ അടയ്ക്കേണ്ടിവരുന്നതാണോ വികസനമെന്ന് ജനങ്ങൾ ചോദിക്കുന്നു. കോടികൾ ചെലവഴിച്ച പദ്ധതിയിൽ ഇത്തരം സംഭവം ഉണ്ടാകുമ്പോൾ കരാറുകാർ, മേൽനോട്ട ഏജൻസികൾ, സുരക്ഷാ പരിശോധന നടത്തിയവർ എന്നിവരുടെ ഉത്തരവാദിത്തം പരിശോധിക്കണമെന്നാണ് ആവശ്യം.



“റിബൺ മുറിക്കാൻ കാണിച്ച ആവേശം വികസനത്തിന്റെ ഗുണനിലവാരത്തിൽ ഉണ്ടായില്ല. ഇത് വെറുമൊരു മണ്ണിടിച്ചിലല്ല, മോശം നിർമാണത്തിന്റെയും അഴിമതിയുടെയും തെളിവാണ്” എന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം.


റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണതാണോ, നിർമാണഘടകങ്ങൾക്ക് തന്നെ തകരാർ സംഭവിച്ചതാണോ എന്നതിലും വ്യക്തത വേണമെന്ന് ചിലർ ആവശ്യപ്പെടുന്നു. റോഡ് തകർന്നതല്ല, നിർമിച്ച സ്ലാബുകൾ തകർന്നുവീണതാണെന്നും അത് മറച്ചുവെക്കാനാണ് അധികൃതർ ‘മണ്ണിടിച്ചിൽ’ എന്ന് പറയുന്നതെന്നും ചിലർ ആരോപിക്കുന്നു. കൂടുതൽ ആളുകൾ മരിക്കുന്നതുവരെ ഇവിടെ ‘ടെസ്റ്റിങ്’ തുടരുമോ എന്നാണ് ജനങ്ങളുടെ ചോദ്യം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home