ad
Deshabhimani

പെയ്തൊഴിഞ്ഞ് നെയ്മർ യുഗം

Neymar Jr.jpg

Neymar Jr | www.facebook.com/photo

avatar
നിധിൻ രാജു

Published on Jul 06, 2026, 04:01 PM | 2 min read

“I tried. I tried. It started here at MetLife Stadium, and I finished here. It is now over.” 2010 ആഗസ്‌ത്‌ ഒമ്പതിന് അമേരിക്കയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച അതേ മണ്ണിൽ, പതിനാറ്‌ വർഷങ്ങൾക്കിപ്പുറം കണ്ണീരോടെ നെയ്‌മർ പ്രഖ്യാപിച്ചു. ‘ഇത്‌ അവസാനിച്ചിരിക്കുന്നു’!! നെയ്‌മർ ഡ സിൽവ സാന്റോസ് ജൂനിയർ എന്ന ഫുട്ബോളിന്റെ സുൽത്താൻ ബ്രസീലിന്റെ വിഖ്യാതമായ കുപ്പായം അഴിച്ചുവയ്‌ക്കുന്നു. ഒരു രാജ്യത്തിന്റെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും ചുമലിലേറ്റി, ഒന്നര പതിറ്റാണ്ടുനീണ്ട ഇതിഹാസ സമാനമായ യാത്രയ്‌ക്കാണ്‌ വിരാമമാകുന്നത്‌.





സ്വതസിദ്ധമായ ശൈലിയും പ്രതിഭയും കൊണ്ട്‌ ഒരു തലമുറയുടെ കാൽപ്പന്താസ്വാദനത്തെ ഇത്രമേൽ സ്വാധീനിച്ച കളിക്കാരൻ സമീപകാലത്തുണ്ടായിട്ടില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും കക്കയും കാത്തുസൂക്ഷിക്കുന്ന ബ്രസീലിയൻ പാരമ്പര്യത്തെ അതിന്റെ എല്ലാ സ‍ൗന്ദര്യത്തോടുംകൂടി മുന്നോട്ടുനയിച്ച പ്രതിഭയായിരുന്നു നെയ്‌മർ. തെരുവ് ഫുട്ബോളിൽനിന്നും ഫുട്സാലിൽനിന്നും ആവാഹിച്ചെടുത്ത കേളീശൈലി കൊണ്ട് അയാൾ മൈതാനത്ത് കവിതകൾ രചിച്ചു.


എതിരാളികളെ ഒരോരുത്തരെയായി കബളിപ്പിച്ചുകൊണ്ടുള്ള ഓരോ മുന്നേറ്റങ്ങളും ജനകോടികളുടെ ഹൃദയത്തിലേക്കായിരുന്നു. നെയ്‌മർ തന്റെ നൈസർഗികമായ പ്രതിഭകൊണ്ടും ഭാവനകൊണ്ടും ആരാധകരുടെ ഹൃദയങ്ങളിലേക്ക്‌ പെയ്‌തിറങ്ങി. ഒരു പതിറ്റാണ്ടിലേറെയായി, ഏതൊരു പ്രതിരോധനിരയും ഏറ്റവും ഭയപ്പെട്ടിരുന്ന മുന്നേറ്റതാരങ്ങളിൽ ഒരാളായിരുന്നു നെയ്‌മർ. ഏതുനിമിഷവും കളിതിരിക്കാനുള്ള അയാളുടെ മികവും കൊലുന്നനെയുള്ള ശരീരത്തിന്റെ കൊള്ളിയാൻ ചലനങ്ങളും ലോകോത്തര താരങ്ങളെപ്പോലും ഭയപ്പെടുത്തിയിരുന്നു.



സാന്റോസിൽ തുടങ്ങി, ബാഴ്സലോണയിലേക്കും പിഎസ്ജിയിലേക്കും അൽ ഹിലാലിലേക്കും നീളുന്ന അയാളുടെ ക്ലബ് കരിയർ റെക്കോഡുകളാൽ സമ്പന്നമായിരുന്നു. ബ്രസീലിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളോടെ സാക്ഷാൽ പെലെയെ പിന്നിലാക്കി എക്കാലത്തെയും മികച്ചവനായി. ബ്രസീലിനായി 59 അസിസ്റ്റുകളും നെയ്മറിന്റെ പേരിലുണ്ട്. 2013-ലെ കോൺഫെഡറേഷൻ കപ്പും 2016-ൽ ഒളിമ്പിക് സ്വർണവും അദ്ദേഹം ബ്രസീലിന് നേടിക്കൊടുത്തു.


neymar brazil.jpg


കരിയറിലുടനീളം പരിക്കുകൾ അയാളെ പ്രേതബാധപോലെ പിന്തുടർന്നിരുന്നു. നിരന്തരമായ ശസ്‌ത്രക്രിയകളും ചികിത്സകളും ശരീരത്തെയാകെ തളർത്തിയപ്പോഴും അയാൾ പിന്മാറാൻ ഒരുക്കമല്ലായിരുന്നു. മഞ്ഞക്കുപ്പായത്തിൽ ഒരു വിശ്വകിരീടത്തിനായി അത്രമേൽ ആഗ്രഹിച്ചാണ് അയാൾ വേദനിച്ച് വേദനിച്ച് തന്റെ കളിക്കാലം നീട്ടിയെടുക്കുന്നത്‌. പരിക്കിനെ പോരടിച്ച്‌ തോൽപ്പിച്ചാണ്‌ ഇ‍ൗ ലോകകപ്പിലും അയാൾ പന്തുതട്ടാനെത്തിയത്‌. പരിക്കേറ്റ കാൽവണ്ണയുമായി ലോകകപ്പിന്‌ വിമാനം കയറിയ നെയ്‌മർ രണ്ട് മത്സരങ്ങളിൽ പകരക്കാരനായി മാത്രമാണ്‌ കളത്തിലിറങ്ങിയത്‌. മൈതാനത്ത് ചെലവഴിച്ചതാകട്ടെ വെറും 50 മിനിറ്റിൽ താഴെയും. ഒടുവിൽ മറ്റൊരു മഹാവേദനുമേറ്റുവാങ്ങി കണ്ണീർ മടക്കം. ആരെക്കൊണ്ടും നികത്താനാകാത്ത മഹാശൂന്യത അവശേഷിപ്പിച്ചാണ്‌ ആ മഹാമനുഷ്യൻ പടിയിറങ്ങുന്നത്‌.




അയാൾ അവശേഷിപ്പിച്ചുപോകുന്ന കളിനിമിഷങ്ങൾ, സ്‌മൃതികളിൽ വാടാതെ പൂത്തുനിൽക്കുന്ന കാലത്തോളം നെയ്‌മറെ നാം ഓർക്കാതിരിക്കുവതെങ്ങനെ.


നന്ദി നെയ്‌മർ,

ഒരുതലമുറയെ വീണ്ടും സ്വപ്‌നം കാണിച്ചതിന്‌,

‘ബ്യൂട്ടിഫുൾ ഗെയി’മിനെ മുന്നോട്ടുനയിച്ചതിന്‌,

ഒന്നരപതിറ്റാണ്ട്‌ ബ്രസീലിനെ തോളിൽവഹിച്ചതിന്‌,

മറ്റെല്ലാത്തിനെക്കാളുമുപരി കളിയെ സ്‌നേഹിക്കാൻ പഠിപ്പിച്ചതിന്‌...



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home