തകർച്ചയിൽ നിന്ന് രക്ഷകനായി; അണ്ടർ 19 ഏകദിനത്തിൽ തിളങ്ങി അൻവയ് ദ്രാവിഡ്

Photo Credit:Social Media
ഹമ്പൻതോട്ട: ശ്രീലങ്കയ്‌ക്കെതിരായ അണ്ടർ 19 യൂത്ത് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ്.
മത്സരത്തിൽ 67 പന്തിൽ നിന്ന് 87 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്ററായ അൻവയ് അടിച്ചുകൂട്ടിയത്. ഒൻപത് ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
തകർച്ചയിൽ നിന്ന് രക്ഷകനായി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിൽ തന്നെ തകർച്ചയെ നേരിട്ടിരുന്നു. 81 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട ടീമിനെ, അൻവയ് ദ്രാവിഡും അർജുൻ രജ്പുതും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 145 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. അർജുൻ രജ്പുത് 81 പന്തിൽ നിന്ന് 76 റൺസെടുത്തു.
എന്നാൽ അൻവയ് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ വാലറ്റ നിര തകർന്നടിഞ്ഞു. 47.2 ഓവറിൽ 285 റൺസിന് ഇന്ത്യ ഓൾഔട്ടായി. ശ്രീലങ്കയ്ക്കായി ഗിംഹാൻ മെൻഡിസ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
17-കാരനായ അൻവയ് ദ്രാവിഡ്, വിനു മങ്കാദ് ട്രോഫിയിൽ കർണാടകയെ നയിച്ച് ശ്രദ്ധേയമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അണ്ടർ-19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ് അൻവയ് ഇപ്പോൾ.
ദ്രാവിഡിന്റെ മൂത്ത മകൻ സമിത് ദ്രാവിഡിനും ടീമിലേക്ക് അവസരം ലഭിച്ചിരുന്നെങ്കിലും പരിക്കുകാരണം താരത്തിന് പുറത്തിരിക്കേണ്ടി വന്നു. പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0 ത്തിന് മുന്നിലാണ്.











0 comments